ഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബൈക്ക് റാലികൾക്ക് നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ വോട്ടെടുപ്പിന് 72 മണിക്കൂർ മുൻപ് ബൈക്ക് റാലികൾ അവസാനിപ്പിക്കണം. വൊട്ടർമാരെ സ്വാധീനിക്കാൻ ഇത്തരത്തിൽ ബൈക്ക് റാലികൾ നടത്തുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ചട്ടപ്രകാരം വോട്ടെടുപ്പിന് 48 മണിക്കൂർ മുൻപാണ് പരസ്യ പ്രചാരണം അവസാനിപ്പിക്കേണ്ടത്. എന്നാൽ ഇത്തവണ 72 മണിക്കൂർ മുൻപ് ബൈക്ക് റാലികൾ അവസാനിപ്പിക്കണമെന്ന് കമ്മീഷൻ ഉത്തരവിട്ടു. പോളിംഗ് ബൂത്തുകൾക്ക് സമീപം അർദ്ധസൈനിക വിഭാഗങ്ങളുടെ നിരീക്ഷണം ഉറപ്പാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.
കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കർശനമായ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടായിരിക്കും ഇത്തവണ വോട്ടെടുപ്പ് നടക്കുക. കേരളം, അസം, പശ്ചിമ ബംഗാൾ, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Discussion about this post