ബംഗലൂരു: ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ മൂന്ന് അടുത്ത വർഷം വിക്ഷേപിക്കുമെന്ന് കേന്ദ്ര സർക്കാർ. 2022ൽ പദ്ധതി വിക്ഷേപിക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ മൂന്നാം ഘട്ടം അടുത്ത വർഷം വിക്ഷേപിക്കുമെന്ന് ഐ എസ് ആർ ഒ ചെയർമാൻ ഡോക്ടർ കെ ശിവൻ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഇക്കാര്യമാണ് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചിരിക്കുന്നത്. ചന്ദ്രയാൻ-2നെപ്പോലെ ചന്ദ്രയാൻ-3ന് ഓർബിറ്റർ ഉണ്ടായിരിക്കില്ലെന്ന് ഐ എസ് ആർ ഒ വ്യക്തമാക്കി.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു 2019 ജൂലൈ 22ന് ഇന്ത്യ ചന്ദ്രയാൻ 2 വിക്ഷേപിച്ചത്. 2019 സെപ്റ്റംബർ 7ന് ലാൻഡർ വിക്രം ചന്ദ്രനിൽ ഹാർഡ് ലാൻഡ് ചെയ്തിരുന്നു.
മനുഷ്യനെ ശൂന്യാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ഗഗൻയാനും 2022ൽ ഉണ്ടായിരിക്കും. ഈ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട നാല് പൈലറ്റുമാർ നിലവിൽ റഷ്യയിൽ പരിശീലനത്തിലാണ്
Discussion about this post