ഡല്‍ഹി: സീറ്റു കിട്ടാത്തതിന്‍റെ പേരില്‍ ആര്‍.ബാലശങ്കര്‍ ബിജെപിക്കെതിരെ അസംബന്ധം പ്രചരിപ്പിക്കരുതായിരുന്നുവെന്ന് കേരളത്തിന്‍റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു . ടിക്കറ്റ് ചോദിച്ച് ബാലശങ്കര്‍ തന്നെ സമീപിച്ചിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. സ്ഥാനാര്‍ഥിയാക്കേണ്ടതില്ലെന്ന് നേതൃത്വം തീരുമാനിക്കുകയായിരുന്നുവെന്നും, കേന്ദ്ര നേതൃത്വത്തിന്‍റെ അനുമതിയില്ലാതെ സംസ്ഥാന നേതൃത്വത്തിന് ആരെയും ഒഴിവാക്കാനാകില്ലെന്നും, ബിജെപിക്ക് ആരുമായും ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ നേതാവെന്ന നിലയില്‍ ഉയര്‍ത്തിക്കാണിക്കാനാണ് ജയസാധ്യതയുള്ള രണ്ട് സീറ്റുകളില്‍ മല്‍സരിക്കാന്‍ നിര്‍ദേശിച്ചതെന്നും, അത് വിവാദമാക്കുന്നത് ഇരു മുന്നണികളുടെയും നിരാശ മൂലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ശോഭ സുരേന്ദ്രന് സീറ്റ് നല്‍കരുതെന്ന നിലപാട് കേന്ദ്രമന്ത്രി വി.മുരളീധരന്‍ എടുത്തിട്ടില്ല വി.മുരളീധരന്‍ മല്‍സരിക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം തീരുമാനിച്ചിരുന്നു. കഴക്കൂട്ടം ബിജെപിക്ക് ജയസാധ്യത ഏറെയുളള സീറ്റായതിനാല്‍ പല സാധ്യതകളും പരിഗണിച്ചാണ് തീരുമാനമെടുത്തത്” പ്രഹ്ളാദ് ജോഷി പറഞ്ഞു.
സ്വര്‍ണക്കടത്തുകേസില്‍ കേന്ദ്രമന്ത്രി അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് വസ്തുതാപരമായി മറുപടി നല്‍കാന്‍ പിണറായി വിജയന് കഴിയില്ലെന്നും അദ്ദേഹം വെല്ലുവിളിക്കുന്നു. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന ആരോപണം തെറ്റാണ്. കേരളത്തിന്‍റെ അഭിമാനത്തിന് ക്ഷതമേറ്റുവെന്ന് വിലപിച്ച് മുഖം രക്ഷിക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post