ഇന്ത്യൻ സൈന്യത്തിന്റെ യുദ്ധവീരത്തിന്റെ പ്രതീകമായി മലയാളി സൈനികൻ അഖിൽകുമാർ. 2020 നവംബർ 7ആം തീയതി ജമ്മു കശ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ അഖിലിന് നഷ്ടമായത് വലം കാൽ. എന്നാൽ ചോരവാർന്നൊഴുകുന്ന മുറിവിനെയും കണ്മുന്നിൽ വെടിയേറ്റു വീഴുന്ന സഹപ്രവർത്തകരെയും സാക്ഷിയാക്കി അപ്രതീക്ഷിതമായ നീക്കത്തിലൂടെ കണ്മുന്നിൽ പരിഹാസപൂർവ്വം വെല്ലുവിളിച്ച പാക് ഭീകരന്റെ നെഞ്ചിലൂടെ വെടിയുണ്ട പായിച്ച് അഖിൽ അബോധത്തിലേക്ക് മറയുമ്പോൾ അവിശ്വസനീയതയോടെ കണ്ണ് തുറിച്ച് മരിച്ചു വീണ പാക് ഭീകരൻ തിരിച്ചറിഞ്ഞിട്ടുണ്ടാകും, ഇത് ഭാരതഭൂമി. പുൽക്കൊടിത്തുമ്പിനെ പോലും വജ്രായുധമാക്കി മാതൃഭൂമിയുടെ മാനം കാക്കാൻ വ്രതമെടുത്ത ധീരസൈനികരുടെ പുണ്യഭൂമി.
കാൽ നഷ്ടമായിട്ടും മനസ്സുറപ്പ് കൊണ്ട് നേടിയ മഹാവിജയത്തിന്റെ അലയൊലികളുമായി നാട്ടിലെത്തിയ അഖിലിന് അശ്വപാദങ്ങളാകുകയാണ് നാട്ടിലെ ദേശസ്നേഹികളുടെ കൂട്ടായ്മകൾ. പുനലൂർ വെഞ്ചേമ്പ് അഖിൽ ഭവൻ എന്ന വീട് ഇന്ന് അക്ഷരാർത്ഥത്തിൽ ദേശസ്നേഹികളുടെ തീർത്ഥാടന കേന്ദ്രമാകുകയാണ്.
അക്രമാസക്തരായി ഇരച്ചെത്തിയ ആയുധധാരികളായ പാക് ഭീകരർ പൊടുന്നനെയാണ് അഖിലിനും സംഘത്തിനും നേർക്ക് വെടിയുതിർത്തത്. അപ്രതീക്ഷിതമായ ആക്രമണത്തിൽ അഖിലിന്റെ കാൽ തകർന്നു. ഒപ്പമുണ്ടായിരുന്ന സൈനികൻ വെടിയേറ്റു വീണു. അഖിലിന്റെ സംഘത്തിന് നേതൃത്വം നൽകിയ ക്യാപ്ടനും വെടിയേറ്റ് വീണു. ഭീകരനെ വകവരുത്തിയ അഖിൽ അഞ്ച് മണിക്കൂറാണ് യുദ്ധഭൂമിയിൽ ബോധരഹിതനായി കിടന്നത്.
ആശുപത്രി വാസത്തിന് ശേഷം പുണെ ആർട്ടിഫിഷ്യൽ ലിംബ് സെന്ററിലായിരുന്നു അഖിലിന്റെ തുടർചികിത്സ. അതിന് ശേഷം കഴിഞ്ഞ ദിവസമായിരുന്നു അഖിൽ നാട്ടിൽ മടങ്ങിയെത്തിയത്. പിതാവ് മോഹനനും മാതാവ് ലതാകുമാരിക്കും വേദനയ്ക്കിടയിലും അഭിമാനമാകുകയാണ് ധീരയോദ്ധാവായ അഖിൽകുമാർ.
മദ്രാസ് റെജിമെന്റിലെ അംഗമായ ക്യാപ്ടൻ അശുതോഷ് കുമാറും കരസേനയിലെ രണ്ട് ജവാന്മാരും ബി എസ് എഫ് കോൺസ്റ്റബിൾ സുദീപ് സർക്കാരും ജന്മനാടിന് വേണ്ടി വീരമൃത്യു വരിച്ച പോരാട്ടത്തിലെ സുവർണ്ണ രേഖയാണ് അഖിൽകുമാർ.
അഖിൽ കുമാറിന്റെ ധീരതയെ പ്രശംസിച്ച് നിരവധി കൂട്ടയ്മകളാണ് സ്വീകരണ യോഗങ്ങൾ സംഘടിപ്പിക്കുന്നത്. ക്വയിലോൺ മല്ലു സോൾജിയേഴ്സ് കുടുംബസംഗമം & ചാരിറ്റബിൾ സൊസൈറ്റി അദ്ദേഹത്തെ ആദരിച്ചു.
Discussion about this post