തിരുവനന്തപുരം: ഇരട്ട വോട്ട് ജനാധിപത്യത്തിൽ മായം കലർത്തലെന്ന ഹൈക്കോടതി പ്രസ്താവനയെ തുടർന്ന് സംസ്ഥാന സർക്കാർ കുരുക്കിൽ. തദ്ദേശ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് വിജയത്തിന് പിന്നിലും വ്യാജവോട്ടെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. വോട്ടര്‍ പട്ടികയില്‍ മാത്രമല്ല, പോസ്റ്റല്‍ ബാലറ്റിലും ക്രമക്കേടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ലഭിച്ച അപ്രതീക്ഷിത വിജയത്തിന്റെ പ്രധാന കാരണം വോട്ടര്‍ പട്ടികയിലെ ക്രമക്കേടും വ്യാജ വോട്ടുകളുമാണെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. വ്യാപകമായ കള്ളവോട്ട് കേരളത്തില്‍ നടത്താന്‍ സി.പി.എം. ആസൂത്രിതമായി ചെയ്ത ഒരു പദ്ധതിയുടെ ഭാഗമാണിവയെന്നാണ് ചെന്നിത്തല ആരോപിക്കുന്നത്.
മരിച്ചു പോയവരുടെയും പോസ്റ്റല്‍ വോട്ടില്‍ സമ്മതപത്രം നല്‍കാത്തവരുടെയും പേരുകള്‍ പോലും പോസ്റ്റല്‍ ബാലറ്റിനുള്ള ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. എണ്‍പതു വയസ്സു കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും ബാലറ്റുകള്‍ ഇത്തവണ പോസ്റ്റല്‍ ബാലറ്റായി സ്വീകരിക്കുകയാണെന്നും ഇവിടെയും വന്‍തോതില്‍ കൃത്രിമം നടക്കുന്നതായും ചെന്നിത്തല ആരോപിക്കുന്നു.
പോസ്റ്റല്‍ വോട്ടുകള്‍ സീല്‍ഡ് ബാലറ്റ് ബോക്‌സില്‍ അല്ല ശേഖരിക്കുന്നത്. ഇവ കൊണ്ടുവെക്കുന്നത് സ്‌ട്രോങ് റൂമിലല്ല. ഇവ സൂക്ഷിക്കുന്ന പലയിടത്തും സി.സി.ടി.വി. ഇല്ലെന്നും ഇടതുപക്ഷ സര്‍വീസ് സംഘടനകള്‍ കൃത്രിമം കാണിക്കുന്നു എന്നും പരാതിയിൽ പറയുന്നു.
Discussion about this post