തിരുവനന്തപുരം: തപാൽ വോട്ട് ചെയ്യുന്നതിനിടെ പെൻഷനുമായെത്തി സംസ്ഥാനവ്യാപകമായി സിപിഎം വോട്ടർമാരെ സ്വാധീനിക്കുന്നു. പ്രായമായവരുടെ തപാല്‍ വോട്ടിനിടെയാണ് സഹകരണ ബാങ്കിലെ ജീവനക്കാരെ ഉപയോഗിച്ച് സിപിഎം വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത്.
ആലപ്പുഴയിൽ സഹകരണ ബാങ്ക് ജീവനക്കാരെ ഉപയോഗിച്ച് തപാൽ വോട്ടിനിടെ വോട്ടറെ സ്വാധീനിക്കാൻ സിപിഎം നടത്തിയ ശ്രമം യുഡിഎഫ് കൈയ്യോടെ പിടികൂടി. സംഭവത്തില്‍ യുഡിഎഫ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റി കളക്ടര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ വരണാധികാരിയോട് റിപ്പോർട്ട് തേടി. അടിയന്തിര റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. കായംകുളം മണ്ഡലത്തില്‍ എഴുപത്തിയേഴാം നമ്പർ ബൂത്തിലെ ചേരാവള്ളി തോപ്പില്‍ വീട്ടിലായിരുന്നു സംഭവം.
സംഭവത്തിന്റെ വീഡിയോ യുഡിഎഫ് പുറത്തുവിട്ടിരുന്നു. രണ്ടു മാസത്തെ പെന്‍ഷന്‍ ഉണ്ടെന്നും സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അടുത്തമാസം മുതല്‍ പെന്‍ഷന്‍ തുക 2500 രൂപയുണ്ടാകുമെന്നും പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് ഇതെന്ന് യുഡിഎഫും ബിജെപിയും ആരോപിക്കുന്നു.












