കണ്ണൂർ: വഴിവിട്ടു ബന്ധുനിയമനം നടത്തിയ മന്ത്രി കെ.ടി.ജലീലിനു പദവിയിൽ തുടരാൻ അർഹതയില്ലെന്നു ലോകായുക്ത വിധിച്ചിട്ടും, പിന്തുണ നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും പാർട്ടി നേതൃത്വത്തിന്റെയും നിലപാടിനെതിരെ പാർട്ടിക്കുള്ളിൽ മുറുമുറുപ്പുയരുന്നു. ബന്ധുനിയമന ആരോപണത്തിൽ മന്ത്രി ഇ.പി.ജയരാജനെ രാജിവയ്പിക്കാൻ മുൻകയ്യെടുത്ത മുഖ്യമന്ത്രിയും നേതൃത്വവും ജലീലിനോടു കാണിക്കുന്ന ’സോഫ്റ്റ് കോർണർ’ ആണു ചർച്ചയാകുന്നത്.
രണ്ടു ടേം മാനദണ്ഡം അടിച്ചേൽപിച്ച് സ്ഥാനാർഥിത്വത്തിൽനിന്ന് ഒഴിവാക്കിയതിന്റെ പേരിൽ ഇ.പി.ജയരാജൻ ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽകൂടിയാണ് ഇപിയോടു പാർട്ടി കാണിച്ച ഇരട്ടത്താപ്പ് വീണ്ടും അണികളിൽ ഒരു വിഭാഗം ഉയർത്തുന്നത്. സിപിഎമ്മിന്റെ എല്ലാ സൗകര്യങ്ങളും പദവികളും അനുഭവിക്കുന്ന ജലീൽ, പാർട്ടി അംഗമല്ല എന്ന കാരണത്താലാണു ജലീലിനെതിരെയുള്ള ആരോപണങ്ങളും വിവാദങ്ങളും സിപിഎം സംഘടനാപരമായി ചർച്ച ചെയ്യാത്തത്. അതേസമയം, ഇ.പി.ജയരാജനെപ്പോലെയുള്ള പാർട്ടി അംഗങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കുന്നുമില്ല.
മന്ത്രിസഭയിൽ രണ്ടാമനായിരിക്കെ ഉയർന്ന ബന്ധുനിയമന ആരോപണത്തിന്റെ പേരിൽ, മന്ത്രിസ്ഥാനത്തെത്തി 142–ാം ദിവസം ഇ.പി.ജയരാജനു രാജിവയ്ക്കേണ്ടി വന്നു. ഭാര്യാസഹോദരിയായ സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി.കെ.ശ്രീമതിയുടെ മകൻ സുധീർ നമ്പ്യാരെ വ്യവസായവകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് മാനേജിങ് ഡയറക്ടറായി നിയമിച്ചതാണു ജയരാജനു കുരുക്കായത്.
വിവാദമുയർന്നതോടെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. പിന്നാലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പറ്റിയ തെറ്റ് ഇ.പി.ജയരാജൻ ഏറ്റുപറഞ്ഞിട്ടും രാജി എന്ന ആവശ്യമാണു മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഉയർത്തിയത്. കടിച്ചുതൂങ്ങാനില്ലെന്നും ഒഴിയാൻ തയാറാണെന്നും വ്യക്തമാക്കി 2016 ഒക്ടോബർ 14 ന് ജയരാജൻ രാജിക്കത്ത് നൽകി.താൻ ചുമതലയേൽക്കാത്തതിനാൽ സർക്കാരിനു ധനനഷ്ടം സംഭവിച്ചിട്ടില്ലെന്നും അഴിമതിനിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്നും കാട്ടി സുധീർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് നിലനിൽക്കില്ലെങ്കിൽ അവസാനിപ്പിക്കാൻ ഹൈക്കോടതിയും നിർദേശിച്ചു. അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്നു വിജിലൻസ് കോടതിയിലെ നിയമോപദേഷ്ടാവ് വിജിലൻസിനു റിപ്പോർട്ട് നൽകി അധികം വൈകാതെ വിജിലൻസ് കേസ് അവസാനിപ്പിക്കുകയും ചെയ്തു .
എന്നാൽ കുറ്റവിമുക്തനാക്കപ്പെട്ടിട്ടും ജയരാജന്റെ തിരിച്ചുവരവിനു പാർട്ടി പിന്നെയും പ്രതിബന്ധം സൃഷ്ടിച്ചു. ജയരാജനു പകരം മന്ത്രിയായി എം.എം.മണിയെ അതിനോടകം നിയമിച്ചിരുന്നു. വ്യക്തിപരമായ ആരോപണത്തിന്റെ പേരിൽ രാജിവച്ച മന്ത്രി എ.കെ.ശശീന്ദ്രനു മന്ത്രിയാകാൻ വീണ്ടും അവസരം നൽകിയിട്ടും ജയരാജനെ പരിഗണിച്ചില്ല. രാഷ്ട്രീയംതന്നെ അവസാനിപ്പിക്കുമെന്ന സൂചന നേതാക്കൾക്കു ജയരാജൻ നൽകിയതിനുശേഷമാണ് അദ്ദേഹത്തെ മന്ത്രിസഭയിലേക്കു തിരിച്ചെത്തിക്കാൻ തയാറായത്. രണ്ടു വർഷത്തോളം പുറത്തുനിന്നശേഷം 2018 ഓഗസ്റ്റിലായിരുന്നു രണ്ടാമൂഴം ലഭിച്ചത്. അപ്പോഴാകട്ടെ, മുൻ എംഎൽഎയെ പ്രൈവറ്റ് സെക്രട്ടറിയാക്കി നിയമിച്ചു ജയരാജനെ വരിഞ്ഞുകെട്ടാനും പാർട്ടി ശ്രമിച്ചു. ഇതിനെല്ലാം ഒടുവിലാണു ടേം മാനദണ്ഡത്തിന്റെ പേരിൽ, മന്ത്രിസഭയിലെ രണ്ടാമനായ ജയരാജനു സീറ്റ് നിഷേധിച്ചത്.
പാർട്ടി അംഗങ്ങൾക്കു മാത്രമാണു ടേം നിബന്ധന ബാധകമെന്നും ജലീൽ അംഗമല്ലെന്നുമായിരുന്നു ഇതിനു പാർട്ടിയുടെ വിശദീകരണം. ജലീലിന്റെ രാജി മലബാറിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്കു പാർട്ടിയോട് അകൽച്ചയുണ്ടാക്കുമോ എന്ന ആശങ്ക പറഞ്ഞാണു നേതാക്കൾ ജലീലിന്റെ പദവി സംരക്ഷിക്കുന്നത്. എന്നാൽ ജലീലിനു സംരക്ഷണം നൽകാനുള്ള തീരുമാനം പാർട്ടിയുടേതല്ലെന്നും ചില നേതാക്കളുടെ താൽപര്യം മാത്രമാണെന്നുമുള്ള വികാരം ഒരു വിഭാഗം പ്രവർത്തകർക്കുണ്ട്. പ്രധാന നേതാക്കളെയെല്ലാം പാർലമെന്ററി രംഗത്തുനിന്നൊഴിവാക്കി മുഖ്യമന്ത്രി ഏകപക്ഷീയമായി മുന്നോട്ടുപോകുന്നതിൽ പല നേതാക്കളും എതിർപ്പ് പരസ്യമാക്കിക്കഴിഞ്ഞു. ലോകായുക്ത വിധിക്കുശേഷവും ജലീലിനെ സംരക്ഷിക്കാനുള്ള തീരുമാനം പാർട്ടിയിൽ ചോദ്യം ചെയ്യപ്പെട്ടേക്കാം.
Discussion about this post