കോഴിക്കോട്: ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ട് 12 പേരെ കാണാതായി. അപകടത്തിൽപ്പെട്ട രണ്ട് പേരെ കടലിൽ നിന്നും രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേരും മരണപ്പെട്ടുവെന്നാണ് മംഗലാപുരം കോസ്റ്റൽ പൊലീസും കർണാടക ഫിഷറീസ് വകുപ്പും നൽകുന്ന വിവരം. ഇന്നലെ രാത്രി മംഗലാപുരം തീരത്തും നിന്നും അറുപത് നോട്ടിക്കൽ മൈൽ മാറി പുറംകടലിൽ വച്ചാണ് ബോട്ടിലേക്ക് കപ്പൽ ഇടിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽപ്പെട്ട കപ്പൽ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇടിയുടെ ആഘാതത്തിൽ ബോട്ട് പൂർണമായും തകർന്നുവെന്നാണ് വിവരം.
ബേപ്പൂർ സ്വദേശി ജാഫറിൻ്റെ ഉടമസ്ഥതയിലുള്ള ഐ.എസ്.ബി റബ്ബ എന്ന പേരുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിൽ 14 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ ഏഴ് പേർ തമിഴ്നാട് സ്വദേശികളും ബാക്കിയുള്ളവർ ബംഗാൾ, ഒഡീഷ സ്വദേശികളുമാണ്. ബോട്ടിൽ മലയാളികൾ ആരും ഇല്ലായിരുന്നുവെന്നാണ് വിവരം. ഞായാറാഴ്ച രാത്രിയോടെയാണ് ബോട്ട് ബേപ്പൂരിൽ നിന്നും പോയത്. പത്ത് ദിവസം മത്സ്യബന്ധനം നടത്തി തിരിച്ചെത്താനായിരുന്നു ഇവരുടെ പ്ലാൻ.
കാണാതായവർക്കായി കോസ്റ്റ് ഗാർഡിൻ്റെ രാജ്ദൂത് ബോട്ടും ഹെലികോപ്ടറും തെരച്ചിൽ തുടരുകയാണ്.
Discussion about this post