തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നൈറ്റ് കർഫ്യൂ ഏർപ്പെടുത്തി. കൊവിഡിന്റെ തീവ്രവ്യാപനം പിടിച്ച് നിർത്താനാണ് ഇത്. രാത്രി ഒമ്പത് മണി മുതൽ രാവിലെ അഞ്ച് മണി വരെ രണ്ടാഴ്ചത്തേക്കാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മുതലാണ് കർഫ്യൂ നിലവിൽ വരിക.
പൊതുഗതാഗത്തിന് നിയന്ത്രണമില്ല. സിനിമ തീയറ്ററുകളുടേയും മാളുകളുടേയും സമയം രാത്രി എഴ് മണിവരെയായി നിജപ്പെടുത്തി. ഉച്ചക്ക് ശേഷം ചേർന്ന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കോർകമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
നിലവിൽ രണ്ടാഴ്ചത്തേക്കാണ് കർഫ്യൂ തീരുമാനിച്ചിരിക്കുന്നതെങ്കിലും സ്ഥിതിഗതികൾ ഇടക്ക് വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കും. മാളുകളിൽ നിയന്ത്രണം കർശനമാക്കാനും തീരുമാനിച്ചു. സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യസ്ഥാപനങ്ങൾക്കും സാധ്യമായ ഇടങ്ങളിൽ വർക്ക് ഫ്രം ഹോം നടപ്പാക്കും. ഇത് വകുപ്പ് മേധാവികൾക്ക് നിശ്ചയിക്കാം.
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. കൊവിഡ് വ്യാപനം നിയന്ത്രിക്കാനായാൽ മാത്രമേ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കൂ.
Discussion about this post