സെക്കന്ദരാബാദ്: മേജർ ജനറൽ ചിറ്റൂർ വേണുഗോപാൽ അന്തരിച്ചു. 93 വയസ്സായിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയാണ്.
ഇന്ത്യാ- പാകിസ്ഥാൻ യുദ്ധചരിത്രത്തിലെ അവിസ്മരണീയവും ധീരോദാത്തവുമായ ഏടാണ് ചിറ്റൂർ വേണുഗോപാൽ. 1927 നവംബർ 14ആം തീയതി തിരുപ്പതിയിൽ ജനിച്ച വേണുഗോപാൽ 1950ൽ ഗൂർഖ റൈഫിൾസ് 5/1 ബറ്റാലിയനിൽ സൈനിക സേവനം ആരംഭിച്ചു. 1971ലെ ഇന്ത്യാ- പാകിസ്ഥാൻ യുദ്ധത്തിൽ അതേ ബറ്റാലിയനിൽ ലെഫ്റ്റ്നന്റ് കേണലായി സേവനം അനുഷ്ടിച്ചു.
കിഴക്കൻ സെക്ടറിലെ പാക് സൈന്യത്തിന്റെ ശക്തി കേന്ദ്രങ്ങളായിരുന്ന ജാസോറിലെ ദർശനയും ഉതാലിയും പിടിച്ചെടുക്കുക എന്നതായിരുന്നു വേണുഗോപാലിന്റെയും സംഘത്തിന്റെയും ദൗത്യം. പാക് സൈന്യത്തിന് ആശയ വിനിമയം നടത്തുന്നതിനായി പരസ്പരം ബന്ധിപ്പിച്ച കോൺക്രീറ്റ് ടണലുകൾ നിറഞ്ഞ പ്രദേശങ്ങളായിരുനു ഇവ. ലെഫ്റ്റ്നന്റ് കേണൽ സി വേണുഗോപാലിന്റെ കൂർമ്മ ബുദ്ധിയിൽ ഉടലെടുത്ത യുദ്ധതന്ത്രം സൈന്യം ഫലവത്തായി പ്രയോഗിച്ചപ്പോൾ രണ്ട് നിർണ്ണായക പോയിന്റുകളും പിടിച്ചെടുക്കാൻ ഇന്ത്യക്ക് സാധിച്ചു. ശത്രുവിന് പിന്തിരിഞ്ഞോടേണ്ട അവസ്ഥയും വന്നു.
എന്നാൽ പിന്തിരിഞ്ഞോടിയ പാക് പടയെ ലെഫ്റ്റ്നന്റ് കേണൽ വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള 5/1 ഗൂർഖ റൈഫിൾസ് പിന്തുടർന്ന് ആക്രമിച്ചു. ശത്രുവിന് വിശ്രമിക്കാനും പുനസംഘടിക്കാനും അവസരം നൽകാത്ത കടന്നാക്രമണമായിരുന്നു അത്. മൂന്നാമത്തെ പോയിന്റും ഇതോടെ ഇന്ത്യക്ക് സ്വന്തമായി.
ആക്രമണോത്സുകമായ യുദ്ധതന്ത്രം ഒരുക്കിയതിനും നിർണ്ണായക വിജയം ഉജ്ജ്വലമായ പോരാട്ടത്തിലൂടെ ഇന്ത്യക്ക് സമ്മാനിച്ചതിനും രാജ്യം ധീരതയ്ക്കുള്ള രണ്ടാമത്തെ പുരസ്കാരമായ മഹാവീര ചക്രം നൽകി അദ്ദേഹത്തെ ആദരിച്ചു. തുടർന്ന് അദ്ദേഹത്തിന് പരമ വിശിഷ്ട സേവാ മെഡലും ലഭിച്ചു.
അവിവാഹിതനായ മേജർ ജനറൽ ചിറ്റൂർ വേണുഗോപാൽ തിരുപ്പതിയിലെ വൈറ്റ് ഹൗസിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. അന്ത്യാഭിലാഷ പ്രകാരം ഭൗതിക ശരീരം ശ്രീ വെങ്കടേശ്വര മെഡിക്കൽ കോളേജിന് ദാനം ചെയ്തു.
Discussion about this post