കൊൽക്കത്ത; ബംഗാളിൽ തൃണമൂൽ കോൺഗ്രസ് മികച്ച വിജയം നേടിയെങ്കിലും അപ്രതീക്ഷിതമായി ഏറ്റ പരാജയത്തിന്റെ ഞെട്ടലിൽ കണ്ണ് മിഴിച്ച് മമത ബാനർജി. മുൻ അനുയായിയും ബിജെപി നേതാവുമായ സുവേന്ദു അധികാരിയോടാണ് മമത നന്ദിഗ്രാമിൽ പരാജയപ്പെട്ടത്.
‘എന്നെ എന്റെ പാർട്ടി (ബിജെപി) നന്ദിഗ്രാമിൽ നിന്നും മത്സരിപ്പിക്കുകയാണെങ്കിൽ ഞാൻ മമതയെ പരാജയപ്പെടുത്തുക തന്നെ ചെയ്യും, അല്ലാത്ത പക്ഷം ഞാൻ രാഷ്ട്രീയം അവസാനിപ്പിക്കും‘. ആവേശഭരിതരായ ജനക്കൂട്ടത്തോട് സുവേന്ദു അധികാരി നടത്തിയ പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം മമതയ്ക്ക് മേൽ യാഥാർത്ഥ്യത്തിന്റെ ഇടിവാളായി വീണത്.
നന്ദിഗ്രാമിലെ പരാജയം മമതയെ സംബന്ധിച്ച് കനത്ത ആഘാതം തന്നെയാണ്. ഫലത്തിൽ ബിജെപിക്ക് അധികാരത്തിലെത്താൻ സാധിച്ചില്ലെങ്കിലും ശക്തമായ പോരാട്ടം കാഴ്ചവെച്ച് കഴിഞ്ഞ തവണത്തെ 3 സീറ്റ് 77 ആയി ഉയർത്താൻ അവർക്ക് സാധിച്ചു. ഭവാനിപുരിലെ സുരക്ഷിത മണ്ഡലം ഉപേക്ഷിച്ച് സുവേന്ദുവിന്റെ വെല്ലുവിളി സ്വീകരിച്ച് നന്ദിഗ്രാമിൽ മാത്രം മത്സരിക്കാൻ മമത കൈക്കൊണ്ട തീരുമാനമാകാം 88 ശതമാനം വോട്ടർമാരെയും നന്ദിഗ്രാമിൽ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചത്. ഏപ്രിൽ 1ലെ വിഡ്ഢിദിനത്തിൽ നടന്ന ആ പോരാട്ടം അക്ഷരാർത്ഥത്തിൽ അങ്ങനെ അന്വർത്ഥമായി.
30 ശതമാനം മുസ്ലീം വോട്ടുകൾ ഉള്ള മണ്ഡലമാണ് നന്ദിഗ്രാം. 2016ൽ ഇടത് സ്ഥാനാർത്ഥിയായ അബ്ദുൾ കബീർ ഷെയ്ഖിനെ വൻ മാർജിനിലാണ് സുവേന്ദു പരാജയപ്പെടുത്തിയത്. അവിടെ ജനപ്രീതി കാത്ത വിജയം സുവേന്ദു സാക്ഷാൽ മമതയ്ക്കെതിരെ ആവർത്തിക്കുമ്പോൾ സോമനാഥ് ചാറ്റർജി എന്ന കമ്മ്യൂണിസ്റ്റ് അതികായനെ വീഴ്ത്തി നന്ദിഗ്രാമിൽ നിന്നും ആരംഭിച്ച തന്റെ പടയോട്ടത്തിന്റെ തനിയാവർത്തനമാണ് മമതയെ ഭയപ്പെടുത്തുന്നത്.
ഇടത്- കോൺഗ്രസ് സഖ്യം പൂർണ്ണമായും അപ്രത്യക്ഷമായ ബംഗാൾ രാഷ്ട്രീയത്തിൽ അനിഷേധ്യ ശക്തിയായി ബിജെപി ഉയർന്നു വരുമ്പോൾ അവർ മുന്നോട്ട് വെക്കുന്ന വിഷയങ്ങളെ അഭിസംബോധന ചെയ്യാതെ ഇനിയുള്ള സർക്കാരുകൾക്ക് മുന്നോട്ട് പോകാൻ സാധിക്കില്ല. വർഗ്ഗീയ പ്രീണനം, അഴിമതി, സ്വജനപക്ഷപാതം, ബംഗ്ലാദേശ് ഭീകരരുടെ കടന്നു കയറ്റം, തൊഴിലില്ലായ്മ, വികസന മുരടിപ്പ് തുടങ്ങിയവയെ ഭരണകൂടം കൃത്യമായി വിലയിരുത്തേണ്ടി വരും.
Discussion about this post