ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കൈത്താങ്ങുമായി റിസർവ് ബാങ്ക്. ആരോഗ്യ മേഖലയുടെ ശാക്തീകരണത്തിനായി 5000 കോടിയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. വാക്സിൻ ഉദ്പാദകർക്കും ആരോഗ്യ മേഖലക്കും മൂന്ന് വർഷം വരെ കാലാവധിയിൽ വായ്പയായി ഈ പണം ഉപയോഗിക്കാം.
കൊവിഡിനെതിരായ പോരാട്ടത്തിൽ സ്തുത്യർഹമായ സേവനം കാഴ്ചവെക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ, പൊലീസുകാർ എന്നിവർക്ക് നന്ദി പറയുന്നതായി റിസർവ് ബാങ്ക് ഗവർണ്ണർ ശക്തികാന്ത് ദാസ് അറിയിച്ചു.
കൊവിഡ് രണ്ടാം തരംഗ വ്യാപന സാഹചര്യം ആർബിഐ കൃത്യമായി വിലയിരുത്തി വരികയാണെന്നും രോഗബാധ ഗുരുതര പ്രത്യാഘാതം സൃഷ്ടിച്ച വാണിജ്യ- വ്യാപാര- കാർഷിക മേഖലകളിൽ കൃത്യമായ സമയത്ത് ക്രിയാത്മക ഇടപെടലുണ്ടാകുമെന്നും റിസർവ് ബാങ്ക് ഗവർണ്ണർ വ്യക്തമാക്കി.
മുൻഗണനാ വിഭാഗത്തിന് വായ്പ ലഭ്യമാക്കുന്നതിന് വേണ്ടി കൊവിഡ് ലോൺ ബാങ്ക് എന്ന ആശയം നടപ്പിലാക്കും. ആഗോള സാമ്പത്തിക രംഗം വൈറസ് വ്യാപനത്തിന്റെ കരിനിഴലിലായിരിക്കുന്ന അവസരത്തിൽ ഇത്തരം നടപടികൾ അനിവാര്യമാണ്.
2021 ഏപ്രിൽ മാസത്തിലും കയറ്റുമതി, ഇറക്കുമതി മേഖലകൾ മികച്ച വളർച്ച പ്രകടമാക്കിയിരുന്നു. വിപുലമായ വിദേശനാണ്യ കരുതൽ ശേഖരം ആഗോള പ്രതിസന്ധി മറികടക്കാൻ രാജ്യത്തെ പ്രാപ്തമാക്കുമെന്നും റിസർവ് ബാങ്ക് ഗവർണ്ണർ ശക്തികാന്ത് ദാസ് അറിയിച്ചു.
Discussion about this post