പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ മറച്ചു വെക്കുന്നതായി ആരോപണം ഉയരുന്നു. സര്‍ക്കാര്‍ പുറത്തു വിടുന്ന കൊവിഡ് മരണക്കണക്കിലും മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന കണക്കിലും പൊരുത്തക്കേടുകളുണ്ടെന്നാണ് സൂചന. പാലക്കാട് ജില്ലയിൽ മാത്രം ഈ മാസം 15 പേര്‍ മാത്രം മരിച്ചു എന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ സംസ്‌കരിച്ചത് അതിന്റെ മൂന്നിരട്ടിയോളം പേരെ എന്ന് സ്വകാര്യ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
മരണം സംബന്ധിച്ച കൃത്യമായ കണക്കുകള്‍ സംസ്ഥാനം പുറത്തു വിടുന്നില്ലെന്ന ആരോപണം ഇതോടെ ശക്തമാകുകയാണ്. ഷൊര്‍ണൂര്‍ ശാന്തിതീരത്തെ കണക്ക് പ്രകാരം കൊവിഡ് ബാധിച്ച് മരിച്ച അറുപത്തിമൂന്ന് മൃതദേഹങ്ങള്‍ ഈമാസം ഇതുവരെ സംസ്‌കരിച്ചു. പാലക്കാട് നഗരത്തിലെ ചന്ദ്രനഗര്‍ ശ്മശാനത്തിലെ കണക്കു പ്രകാരം വെള്ളിയാഴ്ചയൊഴികെയുള്ള ദിവസങ്ങളില്‍ കൊവിഡ് ബാധിച്ചു മരിച്ച പത്തിലേറെ മൃതദേഹങ്ങളാണ് സംസ്കരിച്ചത്.
പാലക്കാട് ജില്ലയില്‍ പതിനഞ്ച് പേര്‍ മാത്രം മരിച്ചെന്ന് സര്‍ക്കാര്‍ കണക്കുകൾ പറയുമ്പോൾ തിരുവില്വാമല ഐവര്‍ മഠടത്തില്‍ ഒരാഴ്ചയ്ക്കിടെ സംസ്‌കരിച്ചത് അമ്പതിലധികം കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണ്. ചിറ്റൂരിലും എലവഞ്ചേരിയിലുമായി പത്തിലേറെ മൃതദേഹങ്ങൾ സംസ്കരിച്ചു.
തൃശൂരിലെ കണക്കിലും കൃത്രിമമുള്ളതായി സൂചനയുണ്ട്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ പ്രതിദിന ശരാശരി നാല്‍പത്തിയഞ്ചെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് പ്രതിദിനം അറുപതില്‍ താഴെ കൊവിഡ് മരണങ്ങൾ എന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറയുമ്പോഴാണ് കണക്കുകളിലെ ഈ വൻ പൊരുത്തക്കേടുകൾ എന്നാണ് റിപ്പോർട്ട്.
Discussion about this post