പാർട്ടിയിൽ തഴയപ്പെട്ടപ്പോഴും ഒറ്റയാളായി പോരാടിയ ഗൗരിയമ്മയെക്കുറിച്ച് നിരവധി അനുസ്മരണങ്ങളാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ വരുന്നത്. പാവവും സ്നേഹ സമ്പന്നയുമായ കെ.ആർ ഗൗരിയമ്മയെക്കുറിച്ച് ടിജി മോഹൻദാസ് എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് ശ്രദ്ധേയമായത്. ആർ.എസ്.എസുകാരന് സ്പെഷ്യൽ സ്ഥലം മാറ്റ ഓർഡർ നൽകിയതും , ഗൗരിയമ്മയെ കാണാനെത്തിയ ജനസഞ്ചയത്തിന്റെ മൂന്നിലൊന്ന് പോലും ഇ.എം.എസിനെ കാണാനെത്തിയില്ലെന്നും ടിജി ഫേസ്ബുക്ക് കുറിപ്പിൽ ഓർമ്മിക്കുന്നു
ടിജി മോഹൻദാസിന്റെ ഫേസ്ബുക്ക് കുറിപ്പ്
ഗൗരി
———-
താൻ പിടിക്കണ്ട ഞാനിറങ്ങിക്കോളാം..
ഒന്നാം നിലയിൽ നിന്ന് താഴേക്ക് പടിയിറങ്ങാൻ ബുദ്ധിമുട്ടുന്ന ഗൗരിയമ്മയെ ഒന്ന് കൈക്ക് പിടിക്കാൻ നോക്കിയതാ..
പോരുകോഴിയെപ്പോലെ ഒരു നോട്ടം!
കൈവരിയിൽ രണ്ടു കൈകൊണ്ട് പിടിച്ച് ഓരോ പടികളായി ചെരിഞ്ഞിറങ്ങി ഗൗരിയമ്മ..
നിസ്സഹായനായി ഞാനും..
അരൂർ കെൽട്രോണിൽ ജോലി ചെയ്യുന്ന ഞാൻ. വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയാണ്. എനിക്ക് അദ്ദേഹവുമായി ഒരടുപ്പവുമില്ല. അതിനാൽ കെൽട്രോണിൻ്റെ ചില ആവശ്യങ്ങൾ സ്ഥലം എംഎൽഎ ആയിരുന്ന ഗൗരിയമ്മയോട് പറയാൻ വന്നതാണ് ഞാൻ..
കാര്യങ്ങളൊക്കെ പറഞ്ഞു..
ഹൊ! വലിയ വിപ്ലവകരമായ മാറ്റങ്ങളാണല്ലോടോ! താനാരാ ഇതൊക്കെ പറയാൻ?
ഞാൻ എൻജിനീയർമാരുടെ സംഘടനയുടെ പ്രസിഡന്റ് ആണ്..
നിങ്ങളുടെ ലെറ്റർ പാഡിൽ ഇത് എഴുതിത്തരാമോ? ഞാൻ രണ്ട് മണിക്കൂർ നേരം കൂടി ഇവിടെയുണ്ടാകും..
വേഗം തയ്യാറാക്കി കൊണ്ടുപോയി കൊടുത്തു.
ചിലതൊക്കെ കുഞ്ഞാലിക്കുട്ടി ചെയ്തു. ചിലതൊന്നും ചെയ്തുമില്ല
തുറവൂരുള്ള ഒരു ആർഎസ്എസുകാരന് ഒരു സ്ഥലം മാറ്റം വേണം. അതിന് മന്ത്രിയുടെ സ്പെഷൽ ഓർഡർ വേണം..
അവര് തരില്ല ചേട്ടാ.. ഞാൻ ആർഎസ്എസ് അല്ലേ? ചെറുപ്പക്കാരൻ നിരാശയുടെ നെടുവീർപ്പിട്ടു..
ഞാൻ പറഞ്ഞു – നീ ചെന്ന് സങ്കടം പറ. ആദ്യം കുറേ വഴക്കൊക്കെ പറയും. മിണ്ടാതെ കേട്ടോളണം. തിരിച്ച് ഒന്നും പറയരുത്. ഒടുവിൽ കാര്യം ചെയ്തു തരും.. നീ ആർഎസ്എസ് ആണെന്നൊന്നും ഗൗരിയമ്മയ്ക്ക് അറിയില്ലല്ലോ.. സൂത്രത്തിൽ സ്വന്തം കാര്യം നടത്താൻ നോക്ക്..
പറഞ്ഞത് പോലെ എല്ലാം സംഭവിച്ചു! സ്പെഷൽ ഓർഡർ ഒപ്പിട്ട് ഗൗരിയമ്മ അവൻ്റെ കയ്യിൽത്തന്നെ കൊടുത്തു! അവൻ മുറിയിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ…
നീയൊന്ന് നിന്നേ.. നീ ഇന്നാരുടെ മകനല്ലേ?
അതെ
നീ ആർഎസ്എസ് ആണെന്നൊക്കെ എനിക്കറിയാം കേട്ടോ.. എന്നെ പറ്റിച്ചു എന്നൊന്നും കരുതണ്ട!
ചെറുപ്പക്കാരൻ പ്രാണനും കൊണ്ട് പുറത്ത് ചാടി!
വർഷങ്ങൾ കഴിഞ്ഞു. ഹിന്ദു ഐക്യവേദിയുടെ ആലപ്പുഴ ജില്ലാ സമ്മേളനം. വേദിയിൽ ഞാനും കോൺഗ്രസിലെ ശ്രീ ഡി സുഗതനും. ഉദ്ഘാടനം ചെയ്യാമെന്ന് ഏറ്റ ഗൗരിയമ്മയ്ക്ക് ശാരീരിക ക്ഷീണം മൂലം വരാൻ കഴിഞ്ഞില്ല. പക്ഷേ വീഡിയോയിൽ വന്നു..
ഹിന്ദു എന്ന് നിങ്ങൾ പറയുമ്പോൾ ബിജെപിക്കാരെ മാത്രം മനസ്സിൽ കണ്ടാൽ പോര. കോൺഗ്രസിലും സിപിഎമ്മിലും എല്ലാം ഹിന്ദുക്കളുണ്ട്. അത് മനസ്സിലാക്കണം. സാമൂഹ്യ പ്രവർത്തകർ രാഷ്ട്രീയ പരിഗണനകൾ ഇല്ലാതെ വേണം പെരുമാറാൻ. ഹിന്ദുക്കളെ സംഘടിപ്പിക്കുമ്പോൾ അന്യ മത വിദ്വേഷം ഉണ്ടാവാതെ ശ്രദ്ധിക്കണം…
എത്ര സാരവത്തായ ലഘു പ്രസംഗം!
ഇന്ന് ഗൗരിയമ്മ അന്തരിച്ചു! എന്തൊരു ജീവിതം! ചെറുപ്പത്തിൽ തൻ്റെ ഗ്രാമത്തിൽ ഗൗരിക്ക് ഒരു നിഷ്കളങ്ക പ്രണയമുണ്ടായിരുന്നു. ആരുമറിയാതെ കൈമാറിയ കുറച്ചു കത്തുകൾ… അച്ഛനും സഹോദരിക്കും ഇഷ്ടമല്ല. ഞാൻ നിർത്തുന്നു എന്ന് ഗൗരി.. നിറം മങ്ങിയ ഒരു അസഫലപ്രണയം! എങ്ങോ മാഞ്ഞു പോയ ഒരാൾ…
പിന്നീട് ഒരു ഭാര്യയുണ്ടായിരുന്ന; ഒരുപാട് സ്ത്രീകളുമായി നിരന്തരം ബന്ധമുണ്ടായിരുന്ന ടിവി തോമസിൽ ഗൗരി ആകൃഷ്ടയായി. ആ വിവാഹവും വിവാഹമോചനവും എല്ലാം ചരിത്രം!
ഒരുപക്ഷേ പിന്നീടുള്ള ഏകാന്ത ജീവിതമായിരിക്കാം ഗൗരിയമ്മയെ കാരിരുമ്പാക്കിയത്.
പക്ഷേ ഗൗരിയമ്മ എത്ര പാവമായിരുന്നു എന്ന് അടുത്തു പെരുമാറിയവർക്ക് അറിയാം
വർഷങ്ങൾക്കു മുമ്പ് തുടങ്ങിയ അസ്വാരസ്യങ്ങൾ ആയിരുന്നെങ്കിലും പാർട്ടി ഗൗരിയമ്മയെ പുറത്താക്കുന്നത് 1993 ലാണല്ലോ.. ചേർത്തലയ്ക്ക് വടക്ക് ദേശീയ പാതയിൽ പൊന്നാംവെളി എന്ന സ്ഥലത്തായിരുന്നു ഗൗരിയമ്മയുടെ ആദ്യ യോഗം
ഹൈവേ ബ്ളോക്കായി. ഒരു ചെറിയ സ്ഥലത്ത് 33,000 പേർ കൂടിയാൽ എന്തു ചെയ്യും! രണ്ടാഴ്ച കഴിഞ്ഞ് അതേ സ്ഥലത്ത് ഗൗരിയമ്മയ്ക്ക് മറുപടിയായി ഇഎംഎസ് വന്നപ്പോൾ കഷ്ടിച്ച് ഏഴായിരം പേരെ കൂട്ടാനേ കഴിഞ്ഞുള്ളൂ..
വലിയ ജനപിൻതുണയായിരുന്നു ഗൗരിയമ്മയ്ക്ക്. പക്ഷേ കാലം പോയല്ലോ; പ്രായം കൂടിയല്ലോ..
ഗൗരിയമ്മയുടെ രാഷ്ട്രീയം എങ്ങുമെത്താതെ പോയി…
ഇന്ന് അവരെ ചെങ്കൊടി പുതപ്പിക്കാൻ ആളുണ്ടാവാം.. സിന്ദാബാദ് വിളിക്കാനും ആളുണ്ടാവാം. പക്ഷേ ആരും അവരോട് നീതി ചെയ്തില്ല. സ്വന്തം വ്യക്തി ജീവിതത്തോട് ഗൗരിയമ്മയും നീതി ചെയ്തില്ല..
ഗൗരിയമ്മയെ പുറത്താക്കിയ ശേഷം ചിന്ത വാരികയിൽ ഇഎംഎസ് “ഗൗരിയമ്മയുടെ കൊട്ടിക്കലാശം” എന്ന ഒരു ലേഖനമെഴുതി. കൊട്ടി എന്ന വാക്കിന്റെ ദുസ്സൂചനയിൽ ക്ഷുഭിതനായിട്ടാണ് ബാലചന്ദ്രൻ ചുള്ളിക്കാട് ഗൗരി എന്ന കവിത എഴുതിയത്..
കരയാത്ത ഗൗരി
തളരാത്ത ഗൗരി
കലികൊണ്ടു നിന്നാൽ
അവൾ ഭദ്രകാളി!
………………
മതി ഗൗരിയമ്മേ
കൊടി താഴെ വെയ്ക്കാം
ഒരു പട്ടുടുക്കാം
മുടി കെട്ടഴിക്കാം…
ചേർത്തല – അരൂരുകാരുടെ കുഞ്ഞമ്മ.. കേരളത്തിന്റെ ഗൗരിയമ്മ.
https://www.facebook.com/TGMohandas/posts/1810989812417105
Discussion about this post