ജറുസലേം: ഹമാസിന്റെ റോക്കറ്റ് ആക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകി ഇസ്രായേൽ. തിങ്കളാഴ്ച മുതൽ ഗാസയെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 56 പലസ്തീനികൾ കൊല്ലപ്പെട്ടു. നൂറുകണക്കിനാളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.
ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഗാസയിൽ വൻ കെട്ടിടസമുച്ചയം പൂർണമായും മറ്റൊന്ന് ഭാഗികമായും തകർന്നു. ഹമാസിന്റെ മൂന്ന് രഹസ്യാന്വേഷണ നേതാക്കളെ ഇസ്രായേൽ വധിച്ചു. ഹമാസ് റോക്കറ്റ് തൊടുക്കുന്ന മേഖല, നേതാക്കളുടെ ഓഫീസുകൾ, വീടുകൾ എന്നിവ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണങ്ങൾ നടത്തി.
റോക്കറ്റ് ആക്രമണങ്ങൾ തുടർന്നാൽ പലസ്തീൻ കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പു നൽകി. ഈജിപ്തും കുവൈത്തും ഐക്യരാഷ്ട്രസംഘടനയും സമാധാനത്തിന് ആഹ്വാനം ചെയ്തു. എന്നാൽ ഇസ്രായേലിന് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ട് എന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചിരിക്കുന്നത്.
Discussion about this post