തിരുവനന്തപുരം: കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത തുറന്നിട്ട് അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കൻ അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. .ഇന്ന് രാവിലെയോടെയാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്.
ഈ ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ശനിയാഴ്ച രാവിലെയോടെ തീവ്ര ന്യൂനമർദ്ദമായി ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറി വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങും.
കാലാവസ്ഥാ വകുപ്പ് പ്രവചിച്ചതിലും ഒരു ദിവസം മുൻപേയാണ് ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തിയേറിയ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയാണ് പ്രവചിച്ചിരിക്കുന്നത്.
24 മണിക്കൂറിൽ 204 മില്ലി മീറ്ററിന് മുകളിലുള്ള മഴയാണ് അതിതീവ്ര മഴ. ഇത്തരത്തിലുള്ള മഴ അതീവ അപകടകാരിയാണ്. ആയതിനാൽ റെഡ് അലെർട്ടിന് സമാനമായ തയ്യാറെടുപ്പുകളാണ് സംസ്ഥാനത്ത് നടത്തേണ്ടത് എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
കടലാക്രമണം രൂക്ഷമാകാനും തീരപ്രദേശങ്ങളിൽ ശക്തമായ കാറ്റടിക്കാനും സാധ്യത കൂടുതലാണ്. ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. ന്യൂനമർദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുള്ളതിനാലും ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കേരള തീരത്തിനോട് ഏറ്റവും അടുത്ത് നില്കുന്നതിനാലും തീരദേശത്തുള്ളവർ അതീവ ജാഗ്രത പാലിക്കണം. കേരളതീരത്ത് ബുധനാഴ്ച അർധരാത്രി മുതൽ മത്സ്യബന്ധനം നിരോധിച്ചിരിക്കുകയാണ്.
മെയ് 14 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മെയ് 15 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നി ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണെങ്കിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ പ്രവചിച്ച സാഹചര്യത്തിൽ റെഡ് അലർട്ടിന് തുല്യമായ മുൻകരുതലുകൾ എടുക്കേണ്ടതാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
മെയ് 13ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലും 14ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും 15ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലും 16ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ടാണ്.
മെയ് 14ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും 15ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 16ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
Discussion about this post