ടെൽ അവീവ്: പലസ്തീന് മേൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ. ഗാസയിൽ ഇസ്രായേൽ നടത്തിയ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 100 കടന്നു. മരണസംഖ്യ 109 ആണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണത്തിൽ 580 പേര്‍ക്ക് പരിക്കേറ്റതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. 2014-നുശേഷം ഇസ്രയേലും പലസ്തീനും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇത്രയും രൂക്ഷമാകുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ആഴ്ച ജറുസലേമിലെ അല്‍ അക്സ പള്ളി വളപ്പിലുണ്ടായ സംഘര്‍ഷമാണ് ഇപ്പോള്‍ യുദ്ധസമാനമായ സാഹചര്യത്തിലേക്ക് വഴിമാറിയിരിക്കുന്നത്.
അതേസമയം ഗാസയിലെ 600 ഓളം ഇടങ്ങൾ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർത്തതായി ലഫ്റ്റനന്റ് കേണല്‍ ജോനാഥന്‍ കോണ്‍റിക്കസ് സ്ഥിരീകരിച്ചു. യുദ്ധവിമാനങ്ങളും നിയന്ത്രിത ബോംബുകളും ഉപയോഗിച്ചാണ് ഇസ്രായേൽ സേന ആക്രമണം നടത്തുന്നത്. വലിയ കെട്ടിടങ്ങള്‍ വരെ ബോംബുകള്‍ വീണ് തകരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്. ഹമാസിന്റെ താവളങ്ങളാണ് ഇസ്രായേൽ പ്രധാനമായും ഉന്നം വെക്കുന്നത്. ഹമാസിന്റെ മൂന്ന് രഹസ്യാന്വേഷണ നേതാക്കളെ ഇസ്രായേൽ വധിച്ചു. ഹമാസ് റോക്കറ്റ് തൊടുക്കുന്ന മേഖല, നേതാക്കളുടെ ഓഫീസുകൾ, വീടുകൾ എന്നിവ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണങ്ങൾ നടത്തി.
Discussion about this post