ഡൽഹി: ടൗട്ടെ ചുഴലിക്കാറ്റ് സംഹാരതാണ്ഡവമാടിയ ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളം താത്ക്കാലികമായി അടച്ചു. മെയ് 16 വരെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചുവെന്ന് സിവില്‍ വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. പ്രദേശത്തുനിന്ന് ചുഴലിക്കാറ്റ് കടന്നുപോയശേഷം വിമാനത്താവളം പ്രവര്‍ത്തനക്ഷമമാക്കുമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മെയ് 15 മുതല്‍ മെയ് 21 വരെ 60 ഓളം ട്രെയിനുകള്‍ റദ്ദാക്കുന്നതായി വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ചില ട്രെയിനുകള്‍ റദ്ദാക്കാനും യാത്രകള്‍ അവസാനിപ്പിക്കാനും തീരുമാനിച്ചുവെന്ന് വെസ്റ്റേണ്‍ റെയില്‍വേ പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം മധ്യകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റ് അതിശക്ത ചുഴലിക്കാറ്റായി മാറി. അടുത്ത 12 മണിക്കൂറില്‍ അതിശക്ത ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 വരെ തുടരുമെന്നതിനാല്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം.
വടക്കന്‍ ജില്ലകളായ കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടല്‍ക്ഷോഭവും വരും മണിക്കൂറുകളിലും തുടരും.
എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പായ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും 19 വരെ ശക്തമായ മഴ തുടരും.
Discussion about this post