ഡൽഹി : ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച കോവിഡ് പ്രതിരോധ മരുന്ന് തിങ്കളാഴ്ച മുതൽ ലഭ്യമാകും.പതിനായിരത്തോളം ഡോസുകൾ ഡൽഹിയിലെ ചില ആശുപത്രികൾക്കു വിതരണം ചെയ്താണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം നടത്തുക.
ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ച് ഡിആർഡിഒ ലാബ് വികസിപ്പിച്ചെടുത്ത 2-ഡിയോക്സി-ഡി-ഗ്ലൂക്കോസ് അഥവാ 2-ഡിജി എന്ന മരുന്നാണു കോവിഡിനു നൽകുന്നത്. രാജ്യത്ത് അടിയന്തര ഉപയോഗത്തിനു ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയിരുന്നു.
രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ മികച്ച ഫലം കാണിച്ച 2 -ഡി ജി കോവിഡ് രോഗികളുടെ ആശുപത്രി വാസം കുറയ്ക്കുന്നതിനും അവരുടെ ഓക്സിജൻ ആശ്രിതത്വം കുറയ്ക്കുന്നതിനും മരുന്നു ഫലപ്രദമാണെന്നാണു കണ്ടെത്തൽ. പൊടി രൂപത്തിൽ ലഭ്യമാകുന്ന മരുന്ന് വെള്ളത്തിനൊപ്പമാണ് കഴിക്കേണ്ടത്.
കോവിഡ് ചികിത്സയ്ക്കു കൃത്യമായി മരുന്ന് ലഭ്യമായിട്ടില്ലാത്ത സാഹചര്യത്തിൽ രോഗതീവ്രത കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന ചുരുക്കം ചിലതിന്റെ കൂട്ടത്തിലാണ് 2-ഡിജിയും വരുന്നത്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഏതാനും ആഴ്ചകളായി മൂന്നു ലക്ഷത്തിലധികം കേസുകളും ആയിരക്കണക്കിനു മരണങ്ങളും റിപ്പോർട്ട് ചെയ്യുന്ന ഇന്ത്യയ്ക്കു വലിയ ആശ്വാസമാകും പുതിയ മരുന്നെന്നാണു പ്രതീക്ഷിക്കുന്നത്.
Discussion about this post