കൊൽക്കത്ത: കൈക്കൂലിക്കേസിൽ അറസ്റ്റിലായ മന്ത്രിമാർക്ക് വേണ്ടി ബംഗാളിൽ കലാപം. മന്ത്രിമാരെ ചോദ്യം ചെയ്യുന്ന സിബിഐ ഓഫീസിന് നേർക്ക് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു. ഓഫീസിന് മുന്നിൽ ക്രമസമാധാന പരിപാലനത്തിൽ ഏർപ്പെട്ടിരുന്ന സുരക്ഷാ സേനക്ക് നേരെ തൃണമൂൽ പ്രവർത്തകർ കല്ലെറിഞ്ഞു.
രാവിലെ മുതൽ സിബിഐ ഓഫീസിന് മുന്നിൽ തൃണമൂൽ പ്രവർത്തകർ വൻ തോതിൽ തടിച്ച് കൂടിയിരുന്നു. നാരദ കേസിൽ തൃണമൂൽ മന്ത്രിമാരായ ഫിർഹാദ് ഹക്കീമിനെയും സുബ്രത മുഖർജിയെയും മറ്റ് നേതാക്കളെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. തൃണമൂൽ എം എൽ എ മദൻ മിത്ര, മുൻ കൊൽക്കത്ത മേയർ സൗവൻ ചാറ്റർജി എന്നിവരും അറസ്റ്റിലായിരുന്നു. തുടർന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി നേരിട്ട് സിബിഐ ഓഫീസിൽ എത്തിയിരുന്നു.
നേതാക്കളെ അറസ്റ്റ് ചെയ്യാൻ പശ്ചിമ ബംഗാൾ ഗവർണ്ണർ ജഗദീപ് ധാങ്കർ അനുമതി നൽകിയതിന് തൊട്ട് പിന്നാലെയായിരുന്നു നടപടി. പശ്ചിമ ബംഗാളിലെ കാമർഹാട്ടി മണ്ഡലത്തിൽ നിന്നുള്ള എം എൽ എ ആണ് മദൻ മിത്ര.
അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. എന്നാൽ ബിജെപി ആരോപണം നിഷേധിച്ചു.
2016ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വകാര്യ കമ്പനിക്ക് അനധികൃത സഹായം നൽകുന്നതിന് വേണ്ടി ഉന്നത തൃണമൂൽ നേതാക്കൾ വൻ തുകകൾ കൈക്കൂലി വാങ്ങിയിരുന്നു. ഇതിന്റെ വീഡിയോകൾ നാരദ ന്യൂസ് പോർട്ടൽ പുറത്ത് വിട്ടിരുന്നു.
അതേസമയം പശ്ചിമ ബംഗാളിൽ ക്രമസമാധാന നില തകർന്നതായും വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഗവർണ്ണർ ജഗദീപ് ധാങ്കർ ആവശ്യപ്പെട്ടു.
Discussion about this post