കൊച്ചി: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. പ്രോട്ടോകോള്‍ ലംഘിച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാന്‍ പോകുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നുണ്ട്. ഈ വേളയില്‍ 500ലധികം പേര്‍ പങ്കെടുക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത് അനുവദിക്കരുതെന്നും സ്വമേധയാ കേസെടുക്കണമെന്നും അഭിഭാഷകനായ അനില്‍ തോമസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
വിഷയത്തില്‍ ഹൈക്കോടതി എടുക്കുന്ന തീരുമാനം നിര്‍ണായകമാകും. വ്യാഴാഴ്ചയാണ് പിണറായി വിജയന്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്നത്. മന്ത്രിമാര്‍ ആരൊക്കെ എന്ന് എല്ലാ പാര്‍ട്ടികളും ധാരണയിലെത്തി. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉച്ച തിരിഞ്ഞാണ് ചടങ്ങ്. 5000 പേര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കുന്ന സ്ഥലത്ത് 500 പേര്‍ ഇരിക്കുന്നത് വലിയ വിഷയമല്ല എന്നാണ് മുഖ്യമന്ത്രി സൂചിപ്പിച്ചത്.
ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സിപിഐ നേതാവ് ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ളവര്‍ സത്യപ്രതിജ്ഞ ലളിതമാക്കണം എന്നാവശ്യപ്പെട്ടു. നടി പാര്‍വതി തിരുവോത്ത് സത്യപ്രതിജ്ഞ വെര്‍ച്വല്‍ ആക്കി മാറ്റണമെന്ന് അഭ്യര്‍ഥിച്ചു. യുഡിഎഫ് നേതാക്കള്‍ നേരിട്ട് എത്തില്ല എന്നാണ് വിവരം. ബഹിഷ്‌കരിക്കണമെന്ന് യുഡിഎഫിലെ ചില നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. കൊറോണ വ്യാപനം തടയുന്നതിനും പ്രതിരോധം ശക്തമാക്കുന്നതിനും നിരന്തരം ആവശ്യപ്പെടുന്ന പിണറായി വിജയന്‍ തന്നെ ഇത്തരം ചടങ്ങിന് നേതൃത്വം നല്‍കുന്നത് ഉചിതമല്ല എന്ന അഭിപ്രായമാണ് പ്രതിപക്ഷം മുന്നോട്ട് വെക്കുന്നത്.
Discussion about this post