ഡൽഹി: കെ കെ ശൈലജക്ക് മന്ത്രിസ്ഥാനം നൽകാത്തതിൽ സിപിഎമ്മിൽ ഭിന്നത രൂക്ഷം. ശൈലജയെ മന്ത്രിയാക്കണമെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേരളത്തിൽനിന്നുള്ള പി.ബി അംഗങ്ങൾ യെച്ചൂരിയുടെ നിർദേശം തള്ളുകയായിരുന്നു.
ശൈലജയെ ഒഴിവാക്കിയതിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് നിരവധി പരാതികൾ ലഭിച്ചതായാണ് വിവരം. പി ബി അംഗം പിണറായി ഉൾപ്പെടെ നാലു കേന്ദ്രകമ്മിറ്റിയംഗങ്ങളും മന്ത്രിസഭയിൽ ഉണ്ടാവണമെന്നായിരുന്നു യെച്ചൂരിയുടെ നിർദേശം. എന്നാൽ, കേരളത്തിൽനിന്നുള്ള പി.ബി.യംഗങ്ങൾ അത് നിരസിച്ചു. ശൈലജയെ മാറ്റി നിർത്തണമെന്ന ആവശ്യം പൂർണ്ണമായും പിണറായിയുടേതായിരുന്നു എന്നാണ് റിപ്പോർട്ട്. പിണറായിയുടെ വാദത്തിന് പി.ബി. അംഗങ്ങളുടെ യോഗത്തിലും പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ്-സംസ്ഥാനകമ്മിറ്റി യോഗങ്ങളിലും പിന്തുണ ലഭിക്കുകയായിരുന്നു.
പശ്ചിമബംഗാളിൽ ഒറ്റസീറ്റും കിട്ടാതെ പാർട്ടി തകർന്നടിഞ്ഞ സാഹചര്യത്തിൽ സിപിഎം കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് മുന്നിൽ പൂർണ്ണമായും കീഴ്പ്പെട്ടു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
Discussion about this post