തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ബംഗാൾ ഉൾക്കലിൽ ന്യൂനമർദം രൂപപ്പെട്ടു. തിങ്കളാഴ്ച ഇത് ചുഴലിക്കാറ്റായി മാറി വടക്കോട്ട് നീങ്ങും. ബുധനാഴ്ച പശ്ചിമബംഗാൾ-ഒഡിഷ-ബംഗ്ലാദേശ് തീരത്ത് വീശും.
കാറ്റിന് മണിക്കൂറിൽ 110 കിലോമീറ്റർ വരെ വേഗമുണ്ടാവും. കാറ്റിന്റെ സ്വാധീനത്തിൽ 26 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ സാമാന്യം ശക്തമായ മഴ ലഭിച്ചു.
ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകൾക്കും 25-ന് തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള എട്ടുജില്ലകൾക്കും യെല്ലോ അലർട്ടാണ്. 26-ന് കൊല്ലം മുതൽ പാലക്കാടു വരെ കനത്ത മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അതേസമയം തെക്ക് പടിഞ്ഞാറൻ കാലവർഷം ആൻഡമാനിലെത്തി. ഇത് ഏത് സമയവും കേരളത്തിലെത്താം.
യാസ് ചുഴലിക്കാറ്റിന്റെ തീവ്രത കൂടുന്നതിനാല്‍ സുരക്ഷയ്ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി ബംഗാള്‍, ഒഡീഷ തീരങ്ങളില്‍ നാവികസേനയും വ്യോമസേനയും നിലയുറപ്പിച്ചിട്ടുണ്ട്.
Discussion about this post