മുംബൈ: കളിക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പാതിവഴിയിൽ ഉപേക്ഷിച്ച ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കാൻ ബിസിസിഐ ആലോചിക്കുന്നു. ശനിയാഴ്ച ചേരുന്ന ബി.സി.സി.ഐ യോഗം അന്തിമ തീരുമാനമെടുക്കും എന്നാണ് സൂചന.
മത്സരങ്ങൾ യുഎഇയിൽ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. സെപ്തംബർ 15 മുതൽ ഒക്ടോബർ 15വരെ കഴിഞ്ഞ വർഷം നടന്ന അതേ മാതൃകയിൽ മത്സരങ്ങൾ നടത്താനാണ് ആലോചന. ടൂർണമെന്റിൽ ഇനി 31 മത്സരങ്ങളാണുള്ളത്.
അതേസമയം ഫ്രാഞ്ചൈസികൾക്ക് ഐ.പി.എൽ മത്സരങ്ങളെക്കുറിച്ചുള്ള സൂചനകളൊന്നും ഇതുവരെ ബി.സി.സി.ഐ നൽകിയിട്ടില്ല. ആഴ്ചയിൽ നാലുദിവസങ്ങളിലായി ഒരു ദിവസം രണ്ടു മത്സരം വീതം നടത്തി ഐ.പി.എൽ പൂർത്തിയാക്കാനും ആലോചനയുണ്ട്. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനും ടി20 ലോകകപ്പിനും ഇടയിലുള്ള 30 ദിവസങ്ങളിൽ മത്സരങ്ങൾ നടത്താനാണ് നീക്കം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നടക്കേണ്ട ട്വെന്റി 20 ലോകകപ്പും യുഎഇയിലേക്ക് മാറ്റാൻ സാധ്യതയുണ്ട്.
Discussion about this post