കൊച്ചി: സെപ്റ്റംബര്‍ 28 ലെ സൂപ്പര്‍മൂണുമായി ബന്ധപ്പെട്ട് ലോകാസാന വര്‍ത്തമാനങ്ങളും ചര്‍ച്ചകളും വ്യാപകമായി പ്രചരിക്കുകയാണ്. ഇതിനിടയിലാണ് കേരളത്തിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ഇതോടെ ലോകാവസാനമാകുമോ എന്ന രീതിയിലുള്ള പ്രതികരണങ്ങളും ശക്തമായി.
എന്നാല്‍ ലോകവസാനം സംബന്ധിച്ചല്ല ജാഗ്രത മുന്നറിയിപ്പ്.. ചന്ദ്രന് ഭൂമിയോട് അടുത്തു വരുന്ന സാഹചര്യത്തില്‍ സെപ്റ്റംബര്‍ 25 മുതല്‍ സെപ്റ്റംബര്‍ 30 വരെ ശക്തമായ കാറ്റിനും വേലിയേറ്റത്തിനും സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് കാലാവസ്ഥ നിരൂക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്.
സൂപ്പര്‍ മൂണ്‍ ലോകാവസാനമാണെന്ന് പ്രചരിപ്പിക്കുന്നതിന് പിന്നില്‍ യാതൊരു അചിസ്ഥാനവുമില്ല. സൂര്യനെയും, ചന്ദ്രനെയും ബന്ധപ്പെടുത്തിയുള്ള പ്രതിഭാസങ്ങള്‍ ലോകാവസാനം എന്ന രീതിയില്‍ പ്രചരിക്കുന്നത് ഇതാദ്യമല്ല. ഭൂമിയുടെയും സൂര്യന്റെയും ആയുസ്സ് അവസാനിക്കാന്‍ പോകുന്ന തുടങ്ങി ശാസ്ത്രീയമായ യാതൊരു പിന്‍ബലവുമില്ലാത്ത പ്രചരണങ്ങളുടെ ചുവട് പിടിച്ച് ലോകാവസാന ചര്‍ച്ചകള്‍ മുന്‍പും നിരവധി തവണ നടന്നിട്ടുണ്ട്.
ചന്ദ്രന് ഭൂമിയോട് ഏറ്റവും അടുക്കുന്ന സെപ്റ്റംബര്‍ അവസാനത്തോടെ ചന്ദ്രന്റെ ആകര്‍ഷണ ബലം കൂടുന്നത് ഭൂമിയില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കാം എന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. . ആകര്‍ഷണ ബലത്തിന്റെ ഫലമായി വേലിയേറ്റം ഉണ്ടാകാനും കടല്‍നിരപ്പ് ഉയരാനും സാധ്യതയുണ്ടെന്നാണ് നിഗമനം.ശക്തമായ കാറ്റിനും വേലിയേറ്റത്തിനും സാധ്യതയുള്ളതിനാല്‍ ദ്വീപുകളില്‍ വെള്ളം കയറാനും സാധ്യതയുണ്ട്.
ഈ സമയത്ത് രൂക്ഷമായ കടലേറ്റത്തിനും ഉള്‍വലിയലിനും സാധ്യത ഉണ്ടെന്ന് നേരത്തേ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി വ്യക്തമാക്കിയിരുന്നു. പെരിജി തിരമാലകളെന്ന പ്രതിഭാസമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ചന്ദ്രന് ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസം കടല്‍ ചില മാറ്റങ്ങള്‍ പ്രകടിപ്പിക്കും. ഇക്കുറി ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലം വളരെ കുറവാണ്. അതിനാല്‍ കടലിന് മേലുള്ള ചന്ദ്രന്റെ ആകര്‍ഷണ തോത് കൂടും. കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരദേശ മേഖലകള്‍ക്കാണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടിയന്തിര സാഹചര്യം നേരിടാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post