തിരുവനന്തപുരം: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണം സംസ്ഥാന സർക്കാരിന്റെ അനാസ്ഥയെന്ന് ലത്തീൻ സഭ. ഹാർബറിൽ അടിഞ്ഞ മണ്ണ് മാറ്റണമെന്ന ആവശ്യം പരിഗണിച്ചില്ലെന്നും അതുനടപ്പാക്കാത്തത് കൊണ്ടാണ് മൂന്ന് മരണങ്ങൾ സംഭവിച്ചത് എന്നും ലത്തിൻ സഭ സഹായമെത്രാൻ റവ. ക്രിസ്തുദാസ് പറഞ്ഞു. ബോട്ടപകടം നടക്കുമ്പോൾ രക്ഷാപ്രവർത്തനത്തിന് പോലും വകുപ്പുകൾ തമ്മിൽ ഏകോപനമുണ്ടായില്ലെന്ന് ഇടവക വികാരി മൈക്കിൾ തോമസ് കുറ്റപ്പെടുത്തി.
യാസ് ചുഴലിക്കാറ്റിന്റെ ഭാഗമായി ചൊവ്വാഴ്ച വിഴിഞ്ഞത്തുണ്ടായ ബോട്ട് അപകടത്തിൽ മൂന്നുപേരാണ് മരിച്ചത്. പൂന്തുറ സ്വദേശികളായ ജോസഫ്, ഡേവിഡ്സൺ, വിഴിഞ്ഞം സ്വദേശി ശബരിയാർ, എന്നിവരുമാണ് മരിച്ചത്. വിഴിഞ്ഞത്ത് നിന്നും കടലിൽ പോയ ബോട്ടാണ് തിരിച്ച് വരുന്നതിനിടെ അപകടത്തിൽ പെട്ടത്.
അപകടത്തിൽ പെട്ട 14 പേർ രക്ഷപ്പെട്ടു. ഹാർബറിനടുത്തുള്ള ചെറിയ കവാടത്തിലൂടെ തീരത്തടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു മണൽത്തിട്ടയിലിടിച്ച് വള്ളങ്ങൾ മറിഞ്ഞത്. തുറമുഖ നിർമ്മാണത്തിനായി മാറ്റിയ മണ്ണായിരുന്നു ഹാർബറിൽ ഇട്ടിരുന്നത്.
Discussion about this post