തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം യുഡിഎഫ് ഏകോപന സമിതിയുടെ ആദ്യയോഗത്തിൽ പങ്കെടുക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. കെപിസിസി പ്രസിഡന്‍റ് എന്ന നിലയിലാണ് മുല്ലപ്പള്ളി യോഗത്തിൽ പങ്കെടുക്കേണ്ടതെങ്കിലും സ്ഥാനം ഒഴിയാൻ സന്നദ്ധനാണെന്ന് മുല്ലപ്പള്ളി കോൺഗ്രസ് ഹൈക്കമാന്റിന് കത്ത് നൽകിയിരുന്നു. അതുകൊണ്ട് തന്നെ സ്ഥാനത്ത് തുടരുന്നത് തികച്ചും സാങ്കേതികമായാണെന്ന നിലപാടിലാണ് മുല്ലപ്പള്ളി.
തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ചേരുന്ന ആദ്യ നിര്‍ണ്ണായക യോഗമാണ് ഇന്നത്തെ യുഡിഎഫ് യോഗം. മുന്നണിയെ നയിക്കുന്ന പ്രധാന ഘടകകക്ഷിയെന്ന നിലയിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പിടിപ്പുകേടിലും ഏകോപനമില്ലായ്മയും ഘടകക്ഷികളുടെ അസംതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. യുഡിഎഫ് ചെയര്‍മാൻ സ്ഥാനത്തേക്ക് ആരെ പരിഗണിക്കും എന്നതടക്കം നിര്‍ണ്ണായക തീരുമാനങ്ങളും ഇന്നത്തെ യോഗത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനിടെ കെപിസിസി ആസ്ഥാനത്തിന്റെ മുന്നിൽ കെ സുധാകരനെ അനുകൂലിച്ച് പോസ്റ്റര്‍ പ്രതിഷേധവും അരങ്ങേറി. ‘സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ’ എന്നാണ് ബാനർ. ഈരാറ്റുപേട്ടയിൽ നിന്നുള്ള മൂന്ന് പ്രവർത്തകരാണ് ബാനറുമായി പ്രതിഷേധത്തിന് എത്തിയത്.
Discussion about this post