തിരുവനന്തപുരം: സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥ മൂലം കേരളത്തിലെ പാവപ്പെട്ടവർക്ക് അർഹമായ കേന്ദ്ര സഹായം നഷ്ടമായി. കേന്ദ്ര സർക്കാരിൻറെ ഭവന നിർമ്മാണ സഹായ ഫണ്ട് കേരളം നഷ്ടപ്പെടുത്തിയെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു. പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതിയിലെ 195.82 കോടി രൂപയുടെ കേന്ദ്ര ധനസഹായം നഷ്ടപ്പെടുത്തിയെന്നാണ് നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ സി എ ജി പറയുന്നത്.
പദ്ധതി നടപ്പാക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾ വീഴ്ച വരുത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. സാങ്കേതികവും ഗുണനിലവാരമുള്ള മേൽനോട്ടത്തിൻറെ അഭാവവും ഉണ്ടായി. മുൻഗണനാ ലിസ്റ്റിലേക്ക് അർഹമായ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കൽ, വീടു നിർമ്മാണത്തിൽ വയോജനങ്ങളെയും ദുർബലരെയും സഹായിക്കൽ, ഭൂമിയില്ലാത്തവർക്ക് ഭൂമി കണ്ടെത്തൽ, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയ്ക്കായി പദ്ധതികളെ സംയോജിപ്പിക്കൽ എന്നിവയിൽ ഗ്രാമപഞ്ചായത്തുകൾ പരാജയപ്പെടുകയും ചെയ്തതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി ആവാസ് യോജനയിൽ 2016-17 കാലയളവിൽ കേന്ദ്രസർക്കാർ ലക്ഷ്യമിട്ടിരുന്ന 42,431 വീടുകൾക്ക് പകരം ഗ്രാമപഞ്ചായത്തുകൾ 17,287 എണ്ണത്തിനു മാത്രമേ അനുവാദം നൽകിയിട്ടുള്ളൂ. കേരള സർക്കാരിന്റെ വീഴ്ച അർഹരായ ഗുണഭോക്താക്കൾക്ക് പദ്ധതി പ്രയോജനം നഷ്ടപ്പെടാൻ കാരണമായെന്നും റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നു.
Discussion about this post