ചെന്നൈ : രാജ്യത്തെ ഏറ്റവും വില കുറവുളള കോവിഡ് പ്രതിരോധ വാക്സീൻ ആയ ബയോളജിക്കൽ ഇ -യുടെ കോർബെവാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കുകയാണ്. 2 ഡോസിനും കൂടി 500 രൂപ മാത്രമേ വില വരികയുള്ളൂവെന്നാണ് ആദ്യ റിപ്പോർട്ടുകൾ.
ഹൈദരാബാദ് ആസ്ഥാനമായ ബയോളജിക്കൽ – ഇ നിർമ്മിക്കുന്ന കോർബെവാക്‌സിൻ വിപണിയിലെത്തുന്നതോടെ രാജ്യത്തു ലഭ്യമാകുന്ന ഏറ്റവും വില കുറവായ കോവിഡ് പ്രതിരോധ വാക്സീനാകും ഇത്. മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുന്ന വാക്സീന് അടിയന്തര ഉപയോഗത്തിന് ഇനിയും അനുമതി നൽകിയിട്ടില്ല. പരീക്ഷണം പൂർത്തിയാക്കി അനുമതി ലഭിക്കുന്ന മുറയ്ക്ക് ബയോളജിക്കൽ ഇ യുടെ 30 കോടി വാക്സീൻ സംഭരിക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം.
കോവിഷീൽഡ്, കോവാക്സീൻ, സ്പുട്നിക് വി എന്നീ മൂന്നു വാക്സീനുകളാണു നിലവിൽ രാജ്യത്തു വിതരണം ചെയ്യുന്നത്. സീറം ഇൻസ്റ്റിറ്യൂട്ടിന്റെ കോവിഷീൽഡ് വാക്സീന് സ്വകാര്യ ആശുപത്രികളിൽ ഡോസിന് 700 മുതൽ 1000 രൂപയും ഭാരത് ബയോടെക്കിന്റെ കോവാക്സീന് 1250 – 1500 രൂപയും വരെ നികുതി അടക്കം ഈടാക്കുന്നുണ്ട്. നിലവിൽ ലഭ്യമായതിൽ ഏറ്റവും ഉയർന്ന നിരക്കുള്ളത് റഷ്യയുടെ സ്പുട്നിക് വാക്സീനാണ്. 948 രൂപയാണ് ഒരു ഡോസിന്റെ വില ഇതിനൊപ്പം 5 ശതമാനം ജിഎസ്ടിയും നൽകണം. അതായത് 2 ഡോസിനുമായി ഏതാണ് 2000 രൂപയ്ക്കു മുകളിൽ ചെലവഴിക്കേണ്ടി വരും.
സീറം ഇൻസ്റ്റിറ്റ്യൂട്ട് പ്രോട്ടീൻ അടിസ്ഥാനമാക്കി നിർമിക്കുന്ന പുതിയ കോവിഡ് പ്രതിരോധ വാക്സീനാണ് കോവോവാക്സ്. യുഎസ് ബയോ ടെക്നോളജി കമ്പനിയായ നോനോവാക്സാണ് വാക്സീൻ കണ്ടെത്തിയത്. ഇതിന്റെ ഉൽപാദനം പുണെയിൽ ആരംഭിച്ചിട്ടുണ്ട്. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ വിപണിയിലെത്തും. ഡിസംബറോടെ 20 കോടി ഡോസ് വാക്സീൻ ഉൽപാദിപ്പിക്കുകയാണു ലക്ഷ്യം.
പുണെ ആസ്ഥാനമായുള്ള ബയോഫാർമസ്യൂട്ടിക്കൽസ് നിർമ്മിക്കുന്ന ആർഎൻഎ അടിസ്ഥാനമാക്കിയ വാക്സീനാണ് HGC019. ആദ്യ ഘട്ട പരീക്ഷണം പുരോഗമിക്കുകയാണ്. അടുത്ത വർഷം ആദ്യം വിപണിയിലെത്തും.
ബിബിവി 154 എന്ന പേരിലുള്ള മൂക്കിൽ അടിക്കാവുന്ന ഇൻട്രാ നേസൽ വാക്സീൻ ഓഗസ്റ്റിൽ വിപണിയിലെത്തും. ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കാണു നേസൽ വാക്സീനു പിന്നിൽ. ക്ലിനിക്കൽ പരീക്ഷണങ്ങൾ പുരോഗമിക്കുകയാണ്. ആശാവഹമായ റിപ്പോർട്ടുകളാണു പരീക്ഷണം പുരോഗമിക്കുന്നതിനിടെ പുറത്തു വരുന്നത്.
കൊറോണ വൈറസ് മൂക്കിലും തൊണ്ടയിലും പിടിമുറുക്കിയ ശേഷം മാത്രമാണു ശ്വാസകോശം അടക്കമുള്ള ഭാഗങ്ങളിലേക്കു വ്യാപിക്കുകയെന്നാണ് ആരോഗ്യവിദഗ്ധർ കണ്ടെത്തിയത്. വൈറസിനെ മൂക്കിലും തൊണ്ടയിലും വച്ചു തന്നെ നിർവീര്യമാക്കുകയോ അതിനെതിരെ പ്രതിരോധം തീർക്കുകയോ ആണ് നേസൽ വാക്സീൻ ചെയ്യുന്നത്. ഒരു തവണ ഉപയോഗിച്ചാൽ 14 ദിവസം വരെ പ്രയോജനം ലഭിക്കുമെന്നാണ് ആദ്യഘട്ട വിവരം.
ഗുജറാത്തിലെ സൈഡസ് കാഡില കമ്പനിയുടെ ZycoV-D ആണു മറ്റൊരു കോവിഡ് വാക്സീൻ. ആദ്യ തദ്ദേശീയ ഡിഎൻഎ വാക്സീനാണിത്. കുട്ടികളിൽ അടക്കമുള്ളവരിൽ പരീക്ഷണം തുടരുകയാണ്. 5 കോടി ഡോസ് ഈ വർഷം അവസാനത്തോടെ വിപണിയിലെത്തിക്കാനാണു ശ്രമം. എന്നാൽ, അടിയന്തര ഉപയോഗത്തിന് അനുവദിക്കാനുള്ള അപേക്ഷയും കമ്പനി നൽകിയിട്ടുണ്ട്.
ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് 277 കോവിഡ് വാക്സീനുകളാണു പരീക്ഷണ ഘട്ടത്തിലിരിക്കുന്നത്. ഇതിൽ 93 എണ്ണം മനുഷ്യരിലെ ക്ലിനിക്കൽ ട്രയൽ നടത്തുന്നു. ഇതിൽ രണ്ടെണ്ണം കോവിഡ് പ്രതിരോധ ഗുളികകളാണ്. ഏഴെണ്ണം മൂക്കിൽ ഉപയോഗിക്കുന്ന നേസൽ സ്പ്രേകളും.
Discussion about this post