തൃശൂർ: കുതിരാൻ തുരങ്കം എത്രയും വേഗം തുറക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച യോഗം വിളിച്ചു. ഇതിനു മുന്നോടിയായി, മന്ത്രിമാരായ കെ.രാജനും മുഹമ്മദ് റിയാസും കുതിരാൻ തുരങ്കത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ എത്തി. കുതിരാൻ തുരങ്കം ഉടൻ തുറക്കുമെന്ന് പ്രഖ്യാപനം വന്നതല്ലാതെ ഇനിയും യാഥാർഥ്യമായിട്ടില്ല. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി കെ. രാജൻ ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പണി വേഗം പൂർത്തിയാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെ, ലോക്ഡൗൺ കൂടി വന്നപ്പോൾ പണി ഇഴഞ്ഞു. ഈ മഴക്കാലത്തുതന്നെ തുരങ്കങ്ങളിൽ ഒന്ന് തുറന്നു കൊടുക്കാനാണ് ആലോചന. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുമുണ്ട്. തുരങ്കത്തിന്റെ നിർമാണത്തിന്റെ തൽസ്ഥിതി നേരിട്ട് ബോധ്യപ്പെടാനാണു പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസ് നേരിട്ടെത്തിയത്.
മണ്ണുത്തി, വടക്കുഞ്ചേരി ദേശീയപാതയുടെ നിർമാണം പത്തുവർഷമായിട്ടും ഇനിയും പൂർത്തിയായിട്ടില്ല. തൃശൂർ – പാലക്കാട് റൂട്ടിൽ ഇതുമൂലം യാത്രാക്ലേശം രൂക്ഷമാണ്. പ്രത്യേകിച്ച്, മഴക്കാലത്ത് കുതിരാനിൽ ഗതാഗത കുരുക്ക് മണിക്കൂറുകളോളം നീളും. യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യമാണ് ദേശീയപാതയുടെ നിർമാണ പൂർത്തീകരണം.
Discussion about this post