കൊച്ചി : കോവിഡ് രണ്ടാം തരംഗത്തിലെ ഓക്സിജൻ ദൗർലഭ്യം നേരിടാൻ സംസ്ഥാനത്തിനു കരുത്തേകിയത് സ്വകാര്യ മേഖലയിലുള്ള ഏക ലിക്വിഡ് ഓക്സിജൻ പ്ലാന്റായ ഐനോക്സ് എയർ പ്രോഡക്ട്സ് ആണ് . പാലക്കാട് കഞ്ചിക്കോടുള്ള ഐനോക്സ് പ്ലാന്റ് കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രവർത്തിച്ചിരുന്നതു വിശ്രമമില്ലാതെയെന്നു കമ്പനിയുടെ സൗത്ത് റീജൻ ബിസിനസ് ഹെഡ് ദിഗന്ത ശർമ പറഞ്ഞു . കഴിഞ്ഞ ഒരു വർഷം കൊണ്ട് ഉൽപാദനം അഞ്ചു മടങ്ങു വർധിപ്പിച്ചാണു കമ്പനി സംസ്ഥാനത്തിന്റെ ഓക്സിജൻ ആവശ്യത്തിന്റെ സിംഹഭാഗവും ലഭ്യമാക്കിയത്.
ആദ്യ കോവിഡ് തരംഗത്തിനു തൊട്ടു മുൻപുള്ള മാസങ്ങളിൽ പ്രതിദിനം കേവലം 44 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജനായിരുന്നു (എൽഎംഒ) കഞ്ചിക്കോട് പ്ലാന്റിന്റെ ഉൽപാദനം. പടിപടിയായി ഉൽപാദനം ഉയർത്തിയതോടെ കഴിഞ്ഞ മാസം ഇത് 200 മെട്രിക് ടൺ ആയി. നിലവിലെ പ്ലാന്റിന്റെ പരമാവധി ശേഷിയാണിത്.
കോവിഡ് പ്രതിസന്ധിയുടെ ആഴം തിരിച്ചറിഞ്ഞ കമ്പനിയിലെ മുഴുവൻ ജീവനക്കാരും ഉൽപാദന, വിതരണ രംഗങ്ങളിൽ പൂർണസമയം ജോലി ചെയ്യാൻ തയാറായതാണ് ഈ നേട്ടത്തിനു പിന്നിലെന്നു ദിഗന്ത പറഞ്ഞു. 5090 മെട്രിക് ടൺ എൽഎംഒയാണ് പ്ലാന്റിന്റെ ഏപ്രിൽ മാസത്തെ ഉൽപാദനം. 2020 ഫെബ്രുവരിയിൽ ഇത് 1243 മെട്രിക് ടൺ മാത്രമായിരുന്നു.
ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണമേറിയതോടെ വിവിധ ആശുപത്രികളിൽ 4 ദിവസത്തിലൊരിക്കൽ മാത്രം നിറച്ചു നൽകിയിരുന്ന ഓക്സിജൻ ടാങ്കുകൾ 8 മണിക്കൂറിൽ ഒരു തവണ എന്ന രീതിയിൽ നിറയ്ക്കേണ്ടി വന്നു. ഇതിന് ഉൽപാദനം ഉയർത്തുക മാത്രമായിരുന്നു ഏക വഴി. വ്യാവസായിക ആവശ്യങ്ങൾക്കു വേണ്ടിയുള്ള ഓക്സിജന്റെയും നൈട്രജന്റെയും ഉൽപാദനം പൂർണമായി നിർത്തിവച്ചാണ് എൽഎംഒ ഉൽപാദനം കൂട്ടിയത്. പൂർണസമയം പ്രവർത്തിക്കുന്നതിനാൽ പ്ലാന്റിനുണ്ടായേക്കാവുന്ന തകരാറുകൾ ഒഴിവാക്കാനും കഠിന പരിശ്രമം വേണ്ടി വന്നു.
രണ്ടാം തരംഗം ശക്തമായതോടെ സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ഐനോക്സിൽനിന്നുള്ള ഓക്സിജൻ വിതരണം. സംസ്ഥാന സർക്കാർ നിയോഗിച്ച ഉന്നത ഐഎഎസ് ഉദ്യോഗസ്ഥൻ പ്ലാന്റിലെത്തിയാണു വിതരണത്തിനു മേൽനോട്ടം വഹിച്ചത്.
20 ക്രയോജനിക് ടാങ്കറുകളിൽ 32 ഡ്രൈവർമാരാണു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ 52 ആശുപത്രികളിലേക്ക് കൃത്യമായ ഇടവേളകളിൽ ഓക്സിജൻ എത്തിച്ചിരുന്നത്. ആറു മാസത്തോളം വീട്ടിൽ പോകാനാവാതെ ജോലി ചെയ്യേണ്ടി വന്നവർ പോലും ഇക്കൂട്ടത്തിലുണ്ടെന്ന് ദിഗന്ത പറഞ്ഞു.
Discussion about this post