ഡൽഹി: കൊവിഡ് ബാധിതരായ മാതാപിതാക്കളെ പരിചരിക്കാൻ സർക്കാർ ജീവനക്കാർക്ക് പതിനഞ്ച് ദിവസത്തെ പ്രത്യേക കാഷ്വൽ ലീവ് അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ. രോഗബാധിതരായ മാതാപിതാക്കൾ പതിനഞ്ച് ദിവസത്തിന് ശേഷവും ആശുപത്രിയിൽ തുടരുകയാണെങ്കിൽ മറ്റ് ലീവുകൾ എടുത്ത് പരിചരണം തുടരാമെന്നും സർക്കാർ വ്യക്തമാക്കി.
കൊവിഡ് ബാധിതരാകുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് 20 ദിവസം വരെ കമ്മ്യൂട്ടഡ് ലീവ് അനുവദിക്കുമെന്നും പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഇരുപത് ദിവസങ്ങൾക്ക് ശേഷവും നെഗറ്റീവ് ആകാതെ ചികിത്സ തുടരുന്ന സാഹചര്യമുണ്ടായാൽ മതിയായ രേഖകൾ സമർപ്പിക്കുന്ന പക്ഷം കമ്മ്യൂട്ടഡ് ലീവ് ദീർഘിപ്പിക്കാമെന്നും സർക്കാർ അറിയിച്ചു.
സർക്കാർ ജീവനക്കാർ കൊവിഡ് ബാധിതരുമായി സമ്പർക്കത്തിൽ വന്നാൽ ഏഴ് ദിവസത്തേക്ക് വർക്ക് ഫ്രം ഹോം അനുവദിക്കും. കണ്ടെയ്ന്മെന്റ് സോണിൽ അകപ്പെട്ടത് മൂലം ജോലിക്ക് ഹാജരാകാൻ പറ്റാത്ത സർക്കാർ ഉദ്യോഗസ്ഥർക്കും ഏഴ് ദിവസം വർക്ക് ഫ്രം ഹോമായി കണക്കാകും. ഉത്തരവിന് മാർച്ച് 25 മുതൽ മുൻകാല പ്രാബല്യമുണ്ടാകുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.
Discussion about this post