കൊച്ചി: കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവതിയെ തടങ്കലിലിട്ട് ക്രൂരമായി പീഡിപ്പിച്ച പ്രതി മാര്‍ട്ടിന്‍ ജോസഫ് പിടിയില്‍. തൃശൂരിലെ മുണ്ടൂരിന് സമീപം ഇയാളുടെ വീടിന് അടുത്തുള്ള ആള്‍താമസമില്ലാത്ത ഒരു ചതുപ്പ് നിലത്തില്‍ നിന്നും രാത്രി 8.30ഓടെയാണ് പിടികൂടിയത്. ഇയാളെ രാത്രിയോടെ തൃശൂരില്‍ എത്തിക്കും. നാളെ കൊച്ചിയിലെത്തിക്കുമെന്ന് പോലീസ് കമ്മീഷണര്‍ പറഞ്ഞു.
തൃശ്ശൂരിലെ വനത്തിനുള്ളില്‍ പൊലീസ് ഇന്ന് ഉച്ച മുതല്‍ വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. വനത്തിനുള്ളിലെ ഒളിത്താവളത്തിലാണ് മാര്‍ട്ടിന്‍ ജോസഫ് ഒളിവില്‍ കഴിഞ്ഞതെന്ന് പൊലീസ് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു തെരച്ചില്‍.
മാര്ട്ടിന് വേണ്ടി വ്യാപകമായ തെരച്ചിലാണ് പൊലീസ് തൃശ്ശൂര്‍, കോഴിക്കോട് ഭാഗങ്ങളില്‍ നടത്തിയത്. നേരത്തെ മാര്‍ട്ടിന്‍ ജോസഫിന്റെ തൃശ്ശൂരിലെ വീട്ടില്‍ പോലീസ് പലവട്ടം പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇയാളുടെ വീട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തിരുന്നു. കേസ് ഉണ്ടാവുന്നതിന് മുമ്പേ തന്നെ വല്ലപ്പോഴും മാത്രമാണ് മാര്‍ട്ടിന്‍ വീട്ടില്‍ വരാറുള്ളൂവെന്ന് ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. പൊലീസ് തൃശ്ശൂരില്‍ വ്യാപക തെരച്ചില്‍ നടത്തുമ്പോള്‍ മാര്‍ട്ടിന്‍ കൊച്ചിയിലെ കാക്കനാട്ടുണ്ടായിരുന്നു.
പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ, ജൂണ്‍ എട്ടാം തീയതി പുലര്‍ച്ചെ നാല് മണിയോടെ മാര്‍ട്ടിന്‍ ജോസഫ് കാക്കനാട്ടെ ഫ്ലാറ്റില്‍ നിന്ന് ബാഗുകളോടെ രക്ഷപ്പെടുകയായിരുന്നു. ഇത് അയാളുടെ സുഹൃത്തിന്‍റെ ഫ്ലാറ്റാണ്.
ഇതിനിടെ മാര്‍ട്ടിനെ രക്ഷപ്പെടാന്‍ സഹായിച്ച മൂന്ന് സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസ് വന്നതോടെ മാര്‍ട്ടിനെ രക്ഷപ്പെടാനും ഒളിത്താവളം ഒരുക്കാനും സഹായിച്ചവരെയാണ് രാവിലെയോടെ പൊലീസ് കസ്റ്റഡിയിലെടുത്തതും അറസ്റ്റ് ചെയ്തതും. ഇവര്‍ ഉപയോഗിച്ച വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
നിലവില്‍ പൊലീസില്‍ പരാതി നല്‍കിയ യുവതിയെ മാത്രമല്ല, മറ്റൊരു യുവതിയെയും മാര്‍ട്ടിന്‍ ക്രൂരമായി ഉപദ്രവിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തന്നെ ഫ്ലാറ്റില്‍ കയറി വന്ന് മാര്‍ട്ടിന്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് മറ്റൊരു യുവതി കൂടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.
കഴിഞ്ഞ മാര്‍ച്ചിലാണ് മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ സ്വദേശിയായ യുവതി ദേഹത്ത് ഗുരുതര പരിക്കുകളുമായി മാര്‍ട്ടിനുമൊത്ത് താമസിച്ചിരുന്ന കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെട്ടോടി പൊലീസില്‍ പരാതി നല്‍കുന്നത്. അന്ന് മുതല്‍ കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിച്ചു. ഒടുവില്‍ യുവതിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളുടെ ചിത്രങ്ങളടക്കം പുറത്തുവന്നപ്പോഴാണ് പൊലീസ് അനങ്ങിയത്. യുവതിയുടെ ദേഹത്ത് പൊള്ളലേല്‍പ്പിച്ചതും മര്‍ദ്ദിച്ചതുമായ പാടുകളുണ്ടായിരുന്നു.
കണ്ണൂര്‍ സ്വദേശിനിയായ യുവതിക്ക് കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലില്‍ നിന്ന് നേരിടേണ്ടി വന്നത് ക്രൂരപീഡനമാണ്.
എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ തൃശ്ശൂര്‍ സ്വദേശി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്.
മാര്‍ട്ടിന്‍റെ കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം. കഴിഞ്ഞ ഫെബ്രുവരി മുതല്‍ മുറിയില്‍ പൂട്ടിയിട്ട് മാര്‍ട്ടിന്‍ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.നഗ്ന വീഡിയോ ചിത്രീകരിച്ചു. ബന്ധത്തില്‍ നിന്ന് പിന്‍മാറാന്‍ ശ്രമിച്ചതും മാര്‍ട്ടിനെ പ്രകോപിപ്പിച്ചു. പൊള്ളലേല്‍പ്പിച്ചു. ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയാക്കി.
ഒടുവില്‍ ഇയാള്‍ ഭക്ഷണം വാങ്ങാന്‍ പുറത്ത് പോയപ്പോള്‍ യുവതി ഇറങ്ങിയോടുകയായിരുന്നു. സാരമായി പരിക്കേറ്റ യുവതി രക്ഷപ്പെട്ടോടി പോലീസില്‍ പരാതി നല്‍കിയത് കഴിഞ്ഞ മാര്‍ച്ചിലാണ്.
സംഭവത്തില്‍ ബലാത്സംഗമടക്കമുള്ള വകുപ്പുകള്‍ ചുമത്തി മാര്‍ട്ടിനെതിരെ പോലീസ് കേസെടുത്തെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. പ്രതിയുടെ ഉന്നത സ്വാധീനമാണ് കാരണം എന്നാണ് ആരോപണം.
Discussion about this post