ഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷവിമർശനമുന്നയിച്ച്, പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന പ്രമുഖ നേതാവ് ജിതിൻ പ്രസാദ. കോൺഗ്രസിന് പ്രത്യയശാസ്ത്രം എന്ന വാക്കിന്റെ അർത്ഥമറിയാമോ എന്ന് അദ്ദേഹം ചോദിച്ചു.
വൈരുദ്ധ്യാത്മിക ഭൗതികവാദം പ്രത്യയശാസ്ത്രമാക്കിയ ഇടത് പക്ഷത്തിനൊപ്പം കേരളത്തിന് പുറത്തും പ്രാദേശിക വാദവും ഹിന്ദുത്വവും പ്രത്യയശാസ്ത്രമാക്കിയ ശിവസേനക്കൊപ്പം മഹാരാഷ്ട്രയിലും പ്രവർത്തിക്കുന്ന പാർട്ടിയുടെ ശരിക്കുള്ള ആശയസംഹിത എന്താണെന്ന് ആരെങ്കിലും ചോദിച്ചാൽ വിശദീകരിക്കാൻ കഴിയുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.
ജിതിൻ പ്രസാദ പ്രത്യയശാസ്ത്ര വഞ്ചന നടത്തിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടിയായിരുന്നു ജിതിൻ പ്രസാദയുടെ വാക്കുകൾ. ‘കപില്‍ സിബല്‍ മുതിര്‍ന്ന നേതാവാണ്. നിലവില്‍ എന്റെ ആശയസംഹിതയെന്നത് രാഷ്ട്രതാല്‍പര്യം മാത്രമാണ്. മഹാരാഷ്ട്രയിൽ കോൺഗ്രസ് ശിവസേനയുമായി സഹകരിച്ചപ്പോഴും കേരളത്തില്‍ എതിര്‍ക്കുന്ന ഇടതുപാര്‍ട്ടികളുമായി ബംഗാളില്‍ സഖ്യത്തില്‍ ഏർപ്പെട്ടപ്പോഴും പ്രത്യയശാസ്ത്രം എന്തായിരുന്നു?‘ ഇതായിരുന്നു ജിതിൻ പ്രസാദയുടെ ചോദ്യം.
രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ എന്ന വിശേഷണമുള്ള, മികച്ച പ്രതിച്ഛായയും ജനപിന്തുണയുമുള്ള നേതാവായിരുന്നു ജിതിൻ പ്രസാദ. നേതൃമാറ്റം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച നേതാക്കളിൽ കപിൽ സിബലിനൊപ്പം ജിതിൻ പ്രസാദയും ഉണ്ടായിരുന്നു.
Discussion about this post