ലണ്ടൻ: ചൈനയുടെ ആഗോള സംരംഭങ്ങൾക്കെതിരെ മത്സരിക്കാൻ വികസ്വര രാജ്യങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനു പ്രത്യേക പദ്ധതിയും, ചൈനയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയുള്ള അഭിപ്രായ രൂപീകരണവും ജി7 ഉച്ചകോടിയിൽ രാഷ്ട്ര തലവൻമാർ ചർച്ച ചെയ്തു.
ചൈനയ്ക്കെതിരെ പ്രതിരോധം തീർക്കണമെന്ന അഭിപ്രായം ഉയരുമ്പോഴും ഇതിന്റെ തീവ്രത സംബന്ധിച്ചും രാഷ്ട്രങ്ങൾക്കിടയിൽ ഭിന്നാഭിപ്രായം നിലനിൽക്കുകയാണ്. ചൈനയിൽ നിലവിലുള്ള നിർബന്ധിത സേവനം അടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ജനാധിപത്യ രാഷ്ട്രങ്ങളിലെ നേതാക്കൾ കൂടുതൽ വിപുലമായ തരത്തിൽ ഒത്തുചേരണമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ശനിയാഴ്ചത്തെ ജി7 ഉച്ചകോടിയുടെ ആദ്യ സെഷനിൽ കാനഡ, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ ബൈഡനു പൂർണ പിന്തുണ നൽകിയപ്പോൾ ജർമനി, ഇറ്റലി, യൂറോപ്യൻ യൂണിയൻ എന്നിവർ വിമുഖത കാട്ടിയെന്നാണു റിപ്പോർട്ട്. ഉച്ചകോടിയിൽ പങ്കെടുത്ത രാഷ്ട്രങ്ങൾ സ്വീകരിക്കേണ്ട നിലപാടുകളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഉച്ചകോടി അവസാനിച്ചതിനു ശേഷമേ വ്യക്തമാകൂ.
ആദ്യമായി പങ്കെടുക്കുന്ന ജി7 ഉച്ചകോടിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ജർമൻ ചാൻസലർ അംഗല മെർക്കൽ, ഇറ്റാലിയൻ പ്രധാനമന്ത്രി മാരിയോ ദ്രാഗി, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ എന്നിവരുമായി ജോ ബൈഡൻ പ്രത്യേക സംവാദങ്ങൾ നടത്തിയിരുന്നു.
വംശീയ ന്യൂനപക്ഷങ്ങൾക്കെതിരെ ചൈനയിൽ നിലനിൽക്കുന്ന നിർബന്ധിത സേവന വ്യവസ്ഥകൾ ഉൾപ്പെടെയുള്ളവയ്ക്കെതിരെ ജി7 രാഷ്ട്രങ്ങൾ ശബ്ദം ഉയർത്തണമെന്നാണു ബൈഡന്റെ ആവശ്യം എന്നു വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
Discussion about this post