കൊല്ലം: പത്തനാപുരത്ത് ബോംബ് കണ്ടെത്തിയ സംഭവത്തിൽ ഭീകരവാദി ബന്ധങ്ങളുണ്ടോയെന്ന് അന്വേഷിക്കും. ബോംബ് കണ്ടെത്തിയ പ്രദേശത്ത് സംസ്ഥാന ഭീകര വിരുദ്ധ സേനയും പോലീസും ചൊവ്വാഴ്ച സംയുക്തമായിട്ടായിരിക്കും പരിശോധന നടത്തുന്നത്.
ഈ പ്രദേശങ്ങളിൽ ഭീകരവാദബന്ധമുള്ള ആൾക്കാർ എത്തിയിരുന്നുവെന്ന വിവരം തമിഴ്നാട് ക്യൂബ്രാഞ്ച് കേരള പൊലീസിന് അറിയിപ്പ് നൽകിയതിന് ശേഷം കഴിഞ്ഞ ഏഴ് മാസമായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെയും എടിഎസിന്റെയും നിരീക്ഷണത്തിലായിരുന്നു പാടം വനമേഖലയും, പത്തനംതിട്ട ജില്ലയിലെ കൂടൽ വനമേഖലയും.
ഉത്തർപ്രദേശിൽ നിന്ന് പിടിയിലായ തമിഴ്നാട് സ്വദേശിയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് ഭീകരവാദ ബന്ധമുള്ള ആളുകൾ വന്നതായുള്ള വിവരവും ക്യൂ ബ്രാഞ്ചിന് ലഭിച്ചിരുന്നത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് മാസം മുമ്പ് തമിഴ്നാട് ക്യൂ ബ്രാഞ്ച് ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ഉഗ്ര സ്ഫോടന ശേഷിയുള്ള ജെലാറ്റിന്‍ സ്റ്റിക്ക്, ഡിറ്റണേറ്ററുകൾ, ബാറ്ററി അടക്കമുള്ളവ ഇവിടെനിന്നും കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച പ്രദേശത്ത് സംയുക്തമായി പരിശോധന നടത്താനുള്ള തീരുമാനം.
കേന്ദ്ര അന്വേഷണ ഏജൻസികളും കേരള പോലീസിൽ നിന്ന് വിശദാംശങ്ങൾ തേടിയിട്ടുണ്ടെന്നാണ് വിവരം.
Discussion about this post