കൊല്ലം: സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തോടെ ഭീതിയിലായിരിക്കുകയാണ് പത്തനാപുരം പട്ടണം. പാടം ഗ്രാമം, കോന്നി, തട്ടാക്കുടി എന്നിവിടങ്ങളിലെ ജനങ്ങളാണ് ഭീതിയിലായിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അതിർത്തി ഗ്രാമമായ പാടം ഇരുട്ടുതറയിൽ രണ്ട് ദിവസമായി തുടരുന്ന പൊലീസ് സാന്നിദ്ധ്യം പല അഭ്യൂഹങ്ങൾക്കും കാരണമാകുകയാണ്.
പത്തനാപുരം, പിറവന്തൂർ, കലഞ്ഞൂർ എന്നിവിടങ്ങളിൽ പൊലീസിന്റെ ശക്തമായ സാന്നിദ്ധ്യമുണ്ട്. വനമേഖലകളും തോട്ടങ്ങളും നിറഞ്ഞ ഈ പ്രദേശങ്ങളിൽ ഇടവിട്ട് മാത്രമാണ് ജനവാസ മേഖലകൾ. ജനശ്രദ്ധ പതിയാത്ത ഭൂമിശാസ്ത്രപരമായ ഈ സവിശേഷതകളാകാം ഭീകരവാദികൾ മുതലെടുത്തത് എന്നാണ് വിദഗ്ധർ പറയുന്നത്.
പാടത്ത് മുൻപ് അപരിചിതരായ ആളുകൾ പതിവായി എത്തിയിരുന്നതായി പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇതുവരെ ഇവരിൽ നിന്നും എന്തെങ്കിലും പ്രശ്നങ്ങളോ അസാധാരണ സംഭവങ്ങളോ ഉണ്ടായതായി വിവരമില്ല.
തമിഴ്നാട് ക്യൂ ബ്രാഞ്ചും നിലവിൽ പ്രദേശത്തെ നിരീക്ഷിച്ചു വരുന്നതായി സൂചനയുണ്ട്. ക്യാമ്പ് സംഘടിപ്പിച്ച ഭീകരവാദികളുമായി ബന്ധം പുലർത്തിയിരുന്ന നാട്ടുകാരിൽ ചിലർ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണെന്നും ഇവരെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്നുമാണ് സൂചന.
Discussion about this post