തൊടുപുഴ: വാഹനങ്ങളിൽ രൂപമാറ്റം വരുത്തുക, ഗ്ലാസുകളിൽ കൂളിങ് ഫിലിം പതിക്കുക, ഇൻഡിക്കേറ്റർ, ഹെഡ് ലൈറ്റ് എന്നിവ ശരിയായ രീതിയിൽ ഘടിപ്പിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെ വീണ്ടും കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. റോഡ് സുരക്ഷ സംബന്ധിച്ച് ഹൈക്കോടതി ഏപ്രിൽ 9-ന് പുറപ്പെടുവിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ജൂൺ എട്ടിന് ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ തീരുമാനം.
കോടതി സർക്കാരിനോട് റിപ്പോർട്ടും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ പരിശോധന കർശനമാക്കാനും, വിശദ റിപ്പോർട്ട് നൽകാനും സംസ്ഥാനത്തെ ആർ.ടി.ഒ.മാർ, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ.മാർ എന്നിവർക്ക് കമ്മിഷണർ ടി.സി.വിഗ്നേഷ് നിർദേശം നൽകി. സമ്പർക്ക വിലക്കിന് ഇളവ് വന്ന പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ പരിശോധനാ നടപടികൾ തുടങ്ങി.
സംസ്ഥാനത്തെ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കർട്ടൻ, കൂളിങ് ഫിലിം, സ്റ്റിക്കർ പതിക്കുക, ദേശീയ പതാക അനൗചിതമായി ആലേഖനം ചെയ്യുക, വാഹനഭാഗങ്ങൾക്ക് രൂപമാറ്റം വരുത്തുക തുടങ്ങിയ ലംഘനങ്ങൾക്കെതിരേ അടിയന്തര നടപടി വേണമെന്നാണ് ഉത്തരവ്.
വലിയ വാഹനങ്ങളിൽ റിഫ്‌ളക്ടറുകൾ ശരിയായി ഘടിപ്പിക്കാതിരിക്കുക, ഇൻഡിക്കേറ്ററിലും ലൈറ്റിലും ഫിലിം ഒട്ടിക്കുക, ശരിയല്ലാത്ത നമ്പർ പ്ലേറ്റ് എന്നിവയ്‌ക്കെതിരേയും നടപടി ആവശ്യപ്പെടുന്നു. ചട്ടങ്ങൾ പാലിക്കാത്ത സ്‌കൂൾ ബസുകൾക്ക് ഫിറ്റ്‌നസ് നൽകരുതെന്ന് ജോയന്റ് കമ്മിഷണറുടെ ഉത്തരവിലുണ്ട്.
Discussion about this post