മലപ്പുറം: മലപ്പുറം വഴിക്കടവിൽ ഗാർഹിക പീഡനത്തിന് പരാതിപ്പെട്ട ഭാര്യയെ ഭർത്താവ് വെട്ടിപരിക്കേൽപ്പിച്ചു. വഴിക്കടവ് കെട്ടുങ്ങൽ പാതാരി അബ്ദുൾ സലീമാണ് ഭാര്യയെ കൈക്കോടാലികൊണ്ട് വെട്ടിയത്. വെട്ടേറ്റ ഭാര്യ സീനത്തിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിൽ സീനത്തിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
മദ്യലഹരിയിൽ സലീം മർദ്ദിക്കുന്നതായി ഇന്നലെ രാത്രി ഒൻപത് മണിയോടെ സീനത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് സലീമിനെ അന്വേഷിച്ച് വഴിക്കടവ് പൊലീസ് വീട്ടിലെത്തിയെങ്കിലും ഇയാൾ ഓടി രക്ഷപ്പെട്ടു. ഇയാളെ കിട്ടാതെ വന്ന പൊലീസ് തിരികെ പോയതിന് പിന്നാലെ സലീം വീട്ടിലെത്തി സീനത്തിനെ ആക്രമിക്കുകയായിരുന്നു. സലീമിനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. ദമ്പതികൾക്ക് അഞ്ച് മക്കളാണുള്ളത്.
Discussion about this post