46 വർഷങ്ങൾക്ക് മുൻപ്, 1975 ജൂൺ 25നായിരുന്നു ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. 21 മാസങ്ങൾ നീണ്ടു നിന്ന നരകയാതനയിലേക്ക് രാജ്യം വലിച്ചെറിയപ്പെടുമ്പോൾ ഇന്ദിരാ ഗാന്ധിയായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി. കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരിന്റെ നിർദ്ദേശ പ്രകാരം അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീൻ അലിയായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
രാജ്യത്ത് ആഭ്യന്തര പ്രശ്നങ്ങൾ നിലനിൽക്കുന്നു എന്ന കാരണം പറഞ്ഞായിരുന്നു ഫക്രുദ്ദീൻ അലി ഭരണഘടനയിലെ 352ആം വകുപ്പ് പ്രകാരം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെ നീണ്ടു നിന്ന അടിയന്തരാവസ്ഥക്കാലം ഇന്ത്യൻ ജനാധിപത്യത്തിന്റെ ഇരുണ്ട യുഗം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
അക്കാലത്ത് കോൺഗ്രസ് ഭരണകൂടം എല്ലാ പൗരസ്വാതന്ത്ര്യങ്ങളും റദ്ദാക്കി, എതിർ ശബ്ദങ്ങളെ നിഷ്കരുണം അമർച്ച ചെയ്തു, മുതിർന്ന പ്രതിപക്ഷ നേതാക്കളെ ഉൾപ്പെടെ ജയിലിലടച്ചു, അഭിപ്രായ സ്വാതന്ത്ര്യം ഹനിച്ചു, ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് നേതൃത്വം നൽകി.
1975 ജൂൺ 12ന് തെരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചതിന് എല്ലാ തെരഞ്ഞെടുക്കപ്പെട്ട പദവികളിൽ നിന്നും ഒഴിഞ്ഞു നിൽക്കണമെന്ന് അലഹാബാദ് ഹൈക്കോടതി അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയോട് ആവശ്യപ്പെട്ടു. ഈ വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് കാരണമായി. ഇതിനെ തുടർന്നായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്.
1971ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധി റായ്ബറേലി സീറ്റിൽ സോഷ്യലിസ്റ്റ് നേതാവ് രാജ് നാരായണെ പരാജയപ്പെടുത്തി. ഇന്ദിരയുടെ തെരഞ്ഞെടുപ്പ് വിജയത്തെ നാരായൺ കോടതിയിൽ ചോദ്യം ചെയ്തു. ഇന്ദിര തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയതായും 1951ലെ ജനപ്രാതിനിധ്യ നിയമം ലംഘിച്ചതായും അദ്ദേഹം വാദിച്ചു.
ഇന്ദിരയുടെ തെരഞ്ഞെടുപ്പ് ഏജന്റ് യശ്പാൽ കപൂർ സർക്കാർ ഉദ്യോഗസ്ഥനായിരുന്നുവെന്നും ഇന്ദിര സർക്കാർ ഉദ്യോഗസ്ഥരെ വ്യക്തിപരമായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നിയോഗിച്ചിരുന്നുവെന്നും നാരായൺ ആരോപിച്ചു. ഇവ സത്യമാണെന്ന് ബോദ്ധ്യപ്പെട്ട അലഹാബാദ് ഹൈക്കോടതി ഇന്ദിരയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കുകയും ആറ് വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു പദവികളിലും ഇരിക്കാൻ പാടില്ലെന്ന് വിധിക്കുകയും ചെയ്തു.
അലഹാബാദ് ഹൈക്കോടതി വിധി വന്നതിന്റെ പിറ്റേ ദിവസം തന്നെ ഇന്ദിരാ ഗാന്ധി എല്ലാ മൗലികാവകാശങ്ങളും ലംഘിച്ചു കൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിനെ തുടർന്ന് പ്രതിപക്ഷ നേതാക്കൾ മുഴുവൻ ജയിലിലാകുകയും പത്രസ്വാതന്ത്ര്യം ഉൾപ്പെടെ റദ്ദാക്കപ്പെടുകയും ചെയ്തു.
1977ൽ ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പിൻവലിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെടുകയും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു കോൺഗ്രസ് ഇതര സർക്കാർ കേന്ദ്രത്തിൽ ജനത പാർട്ടിയുടെ നേതൃത്വത്തിൽ അധികാരത്തിൽ വരികയും ചെയ്തു.
Discussion about this post