സെവിയ്യ: ചാംപ്യന്മാരായ പോര്‍ച്ചുഗലിന്റെ ആക്രമണങ്ങളെ ഒറ്റഗോളില്‍ പിടിച്ചു കെട്ടിയ ബെല്‍ജിയം യൂറോപ്യന്‍ കപ്പില്‍ ക്വാര്‍ട്ടറില്‍ കടന്നു. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഏദന്‍ ഹസാര്‍ഡിന്റെയും സംഘത്തിന്റെയും ജയം.
കളിയും പരുക്കനടവുകളും കയ്യാങ്കളിയും മഞ്ഞക്കാര്‍ഡും ആവോളം കണ്ട കളിയുടെ ഭൂരിഭാഗം സമയത്തും പോര്‍ച്ചുഗീസ് ആക്രമണവും ബെല്‍ജിയം പ്രതിരോധവും തമ്മില്‍ നടന്ന പോരില്‍ ഏറ്റവും മികച്ചു നിന്നത് തോര്‍ഗന്റെ മനോഹരമായ ഗോളും ബല്‍ജിയന്‍ കീപ്പര്‍ തിബോട്ട് കുര്‍ട്ടോയിസിന്റെ ഉലയാത്ത മനസ്സാന്നിദ്ധ്യവുമായിരുന്നു. ഇരച്ചുവന്ന പോര്‍ച്ചുഗല്‍ ആക്രമണങ്ങളെ ബെല്‍ജിയന്‍ പ്രതിരോധവും തിബോട്ട് കുര്‍ട്ടോയീസും ചേര്‍ന്ന് നിഷ്ഫലമാക്കിയതോടെയാണ് നിലവിലെ ചാംപ്യന്മാര്‍ക്ക് ഇടയ്ക്ക് മടങ്ങേണ്ടി വന്നത്.
ബെല്‍ജിയത്തിന് ക്വാര്‍ട്ടറില്‍ മറ്റൊരു മുന്‍ ചാംപ്യന്മാരായ ഇറ്റലിയാണ് എതിരാളികള്‍. കളിയുടെ 23 – ാം മിനിറ്റില്‍ തോമസ് വെര്‍മുലയിന്റെ ഹാന്‍ഡ് ബോളിനെ തുടര്‍ന്ന് ബോക്‌സിന് സമീപത്ത് വെച്ചു കിട്ടിയ ഫ്രീകിക്കിലൂടെ ആദ്യ അറ്റാക്ക് നടത്തിയത് പോര്‍ച്ചുഗല്‍ ആയിരുന്നു. ക്രിസ്ത്യാനോ റൊണാള്‍ഡോ എടുത്ത ഷോട്ട് ഗോള്‍ കീപ്പര്‍ ടിബൂട്ട് കോര്‍ട്ടോയ്‌സ് ഉജ്വലമായി രക്ഷപ്പെടുത്തി. 30 മിനിറ്റുകള്‍ വരെ കാര്യമായി ആസൂത്രിത മുന്നേറ്റം നടത്താന്‍ ശ്രമിക്കാതിരുന്ന ഇരു ടീമുകളും ആക്രമണം തുടങ്ങിയതോടെ കളി ആവേശകരമായി.
ക്രിസ്ത്യാനോയെ മുന്നില്‍ നിര്‍ത്തി പോര്‍ച്ചുഗല്‍ ബെല്‍ജിയം ബോക്‌സില്‍ നിരന്തരം റെയ്ഡ് നടത്തിയപ്പോള്‍ ലാക്കൂക്കൂ ഹസാഡ് ഡിബ്രൂയന്‍ കൂട്ടുകെട്ട് പോര്‍ച്ചുഗല്‍ ബോക്‌സിലും പല തവണ ഇരമ്പിയെത്തി . ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് 42 ാം മിനിറ്റില്‍ തോഗന്‍ ഹസാഡിന്‍െ ഉജ്വല ഗോള്‍ കളി മാറ്റി വരച്ചു. പോര്‍ച്ചുഗല്‍ ബോക്‌സിനുള്ളിലെ ഒരു കൂട്ടപ്പൊരിച്ചിലിനിടയില്‍ കിട്ടിയ പന്ത് മ്യൂനിയര്‍ ഇടതുഭാഗത്തൂടെ ഓടിവരികയായിരുന്ന തോഗന്‍ ഹസാഡിന് മറിച്ചു നല്‍കി. ഹസാഡിന്റെ ഉജ്വലമായ ഫസ്റ്റ് ടൈം ലോംഗ് റേഞ്ചര്‍ പോര്‍ച്ചുഗല്‍ കീപ്പര്‍ റൂയി പെട്രീഷ്യയെ മറികടന്ന് വല തുളച്ചു.
ഈ യുറോയിലെ ഏറ്റവും മനോഹരമായ ഗോളുകളില്‍ ഒന്നാണ് പിറന്നത്. ഇതുവരെ ബെല്‍ജിയത്തിനായി നാലു ഗോളുകള്‍ നേടിയിട്ടുള്ള തോഗന്‍ ഈ യൂറോപ്യന്‍ കപ്പില്‍ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലാണ് ഗോള്‍ നേടുന്നത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബെല്‍ജിയത്തിന് പ്‌ളേമേക്കര്‍ കെവിന്‍ ഡിബ്രൂയനെ നഷ്ടമായി. ആദ്യ പകുതിയില്‍ ആല്‍വസ് പളീഞ്ഞ ഗോണ്‍സാള്‍വസിന്റെ ടാക്ലിംഗിന് ഇരയായ ഡിബ്രൂയന്‍ കളിക്കാനാകാതെ ഗ്രൗണ്ട വിട്ടു. പകരമെത്തിയത് മെര്‍ട്ടന്‍സ്.
ഡിബ്രൂയന്‍ പോയതോടെ ബെല്‍ജിയം പ്രതിരോധത്തിലേക്ക് പോയി. പോര്‍ച്ചുഗല്‍ ആക്രമണം കടുപ്പിച്ചതോടെ ബെല്‍ജിയം ബോക്‌സില്‍ നിരന്തരം പന്തെത്തിയെങ്കിലും ക്രിസ്ത്യാനോയെ കൃത്യമായി മാര്‍ക്ക് ചെയ്ത് ബെല്‍ജിയം അപകടം ഒഴിവാക്കിക്കൊണ്ടിരുന്നു. ഇടയ്ക്കിടെ കൗണ്ടര്‍ അറ്റാക്കിംഗ് നടത്തി ബെല്‍ജിയം പോര്‍ച്ചുഗല്‍ പ്രതിരോധത്തെയും പരീക്ഷിച്ചു. ഗോള്‍ നേടാനാകാതെ പോര്‍ച്ചുഗലും പ്രതിരോധത്തില്‍ മനസ്സാന്നിദ്ധ്യം പാളിയപ്പോള്‍ ബല്‍ജിയവും പരുക്കന്‍ കളി പുറത്തെടുത്തതോടെ പല തവണ റഫറിയ്ക്ക് മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നു. പോര്‍ച്ചുഗലിന്റെ പെപ്പെയും ബെല്‍ജിയത്തിന്റെ ലൂക്കാക്കുവും തമ്മില്‍ പല തവണ ഏറ്റുമുട്ടി.
തുടര്‍ച്ചയായി മുന്നേറ്റം നടത്തിയ പോര്‍ച്ചുഗല്‍ പല തവണ ഗോളിനടുത്ത് എത്തിയെങ്കിലും തടസ്സമായത് കീപ്പര്‍ കുര്‍ട്ടോയീസ് ആയിരുന്നു. 81 ാം മിനിറ്റില പോര്‍ച്ചുഗലിന് മനോഹരമായ അവസരം കിട്ടി. ബ്രൂണോഹെര്‍ണാണ്ടസ് എടുത്ത ഒരു കോര്‍ണര്‍ കിക്കില്‍ വലയ്ക്ക് തൊട്ടുമുന്നില്‍ നിന്നും റുബന്‍ ഡയസ് തകര്‍പ്പന്‍ ഹെഡ്ഡര്‍. നോക്കി നിന്ന് ഉജ്വലമായി കോര്‍ട്ടോയിസ് തടഞ്ഞു. തൊട്ടു പിന്നാലെ പോര്‍ച്ചുഗീസ് ആക്രമണം ബെല്‍ജിയത്തിന്റെ പോസ്റ്റില്‍ തട്ടി തെറിക്കുകയും ചെയ്തതോടെ നിലവില ചാംപ്യന്മാരായ പോര്‍ച്ചുഗലിനും റെക്കോഡ് ഗോള്‍സ്‌കോറര്‍ ക്രിസ്ത്യാനോയ്ക്കും രണ്ടാം റൗണ്ടില്‍ നിരാശയോടെ മടക്കമായി.
ക്രിസ്ത്യാനോയ്ക്ക് നിരാശയോടെ മടക്കം
ടൂര്‍ണമെന്റില്‍ വെറും നാലു കളികളില്‍ നിന്നും അഞ്ചുഗോളുകളോടെ അന്താരാഷ്ട്ര ഗോളുകളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ അലിദേയിയ്ക്ക് ഒപ്പമെത്തിയാണ് ക്രിസ്ത്യാനോ മടങ്ങുന്നത്. ഒരു ഗോള്‍ കൂടി നേടിയിരുന്നെങ്കില്‍ രാജ്യാന്തര മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായി അദ്ദേഹം മാറുമായിരുന്നു. 1993 നും 2006 നും ഇടയില്‍ ഇറാന്റെ അലിദേയി നേടിയ 109 ഗോളുകളുടെ റെക്കോഡിനൊപ്പം ഈ മത്സരത്തിന് മുമ്പ് തന്നെ ക്രിസ്ത്യാനോ എത്തിയിരുന്നു. ജൂണ്‍ 15 ന് ഹംഗറിയ്‌ക്കെതിരേയുള്ള മത്സരത്തില്‍ തന്നെ യൂറോപ്യന്‍ കപ്പ് ചാംപ്യന്‍ഷിപ്പ് ചരിത്രത്തില്‍ തന്നെ 13 ഗോളുമായി ക്രിസ്ത്യാനോ ടോപ് സ്‌കോറര്‍ പദവി പിടിച്ചെടുത്തിരുന്നു.
പ്രീക്വാര്‍ട്ടറില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് പന്ത് എത്താതെ തടയുന്ന തന്ത്രമായിരുന്നു ബെല്‍ജിയം സ്വീകരിച്ചത്. അത് വിജയിക്കുകയും ചെയ്തു. ഒരു പാസും കൃത്യമായി സൂപ്പര്‍താരത്തിന് എത്താതെ എല്ലാ ചാനലുകളും അടയ്ക്കാന്‍ കഴിഞ്ഞതായിരുന്നു ബെല്‍ജിയം പ്രതിരോധം ചെയ്തത്.
Discussion about this post