തിരുവനന്തപുരം: ബുധനാഴ്ച വിരമിക്കുന്നതിന് മുന്നോടിയായി നൽകിയ അഭിമുഖത്തിൽ കേരളം ഐ.എസ്. തീവ്രവാദികളുടെ റിക്രൂട്ടിങ് താവളമാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ചൂണ്ടിക്കാട്ടി. താൻ വന്നശേഷം ഭീകരവിരുദ്ധ സ്‌ക്വാഡിന് രൂപംനൽകിയെന്നും അവരുടെ ചിട്ടയോടെയുള്ള പ്രവർത്തനത്തിലൂടെ അത് കുറയ്ക്കാനായെന്നും അദ്ദേഹം പറഞ്ഞു.
”തീവ്രവാദ സംഘങ്ങളുടെ സ്ലീപ്പിങ് സെല്ലുകൾ ഇല്ലെന്ന് പറയാനാകില്ല. കേരളത്തിൽ വിദ്യാഭ്യാസമുള്ളവർ കൂടുതലാണ്. ഡോക്ടർമാർ, എൻജിനിയർമാർ തുടങ്ങിയവരെ ഏതുരീതിയിൽ തീവ്ര ആശയങ്ങളിൽ ആകൃഷ്ടരാക്കി കൊണ്ടുപോകാം എന്നുള്ളതാണ് ലക്ഷ്യം. ഇതിൽ കൂടുതൽ കാര്യങ്ങൾ പറയാനാകില്ല. ഇതൊക്കെ പോലീസിന്റെ സമ്പൂർണ നിരീക്ഷണത്തിലുണ്ട്. ദിവസവും വിവരങ്ങളുടെ വൻ ശേഖരമാണ് വിശകലനം ചെയ്യുന്നത്. ദേശീയ അന്വേഷണ ഏജൻസി, കേന്ദ്ര ഏജൻസികൾ എന്നിവയുമായി യോജിച്ച് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പ്രവർത്തിക്കുന്നു. ഇത്തരത്തിലുള്ളവരെ നിർവീര്യമാക്കാൻ സംസ്ഥാന പോലീസിന് കഴിവുണ്ട്”- അദ്ദേഹം പറഞ്ഞു.
”മാവോവാദി വേട്ടയിൽ താൻ നടത്തിയത് നിയമപരമായ നടപടികൾ മാത്രമായിരുന്നു. പല ഘട്ടങ്ങളിലായി അവർക്ക് നിരുപാധികം കീഴടങ്ങാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പദ്ധതികൾ ആവഷ്‌കരിച്ചിരുന്നു. ആരും തയ്യാറായില്ല. സംരക്ഷിത വനത്തിൽ യൂണിഫോമിട്ട് എ.കെ. 47 ഉൾപ്പടെയുള്ള ആയുധങ്ങളുമായി വരുന്നവർ നിരപരാധികളല്ലെന്ന നിലപാടായിരുന്നു എടുത്തത്. മാവോവാദി പ്രശ്‌നങ്ങൾ തടയാൻ ഹെലികോപ്‌റ്റർ ആവശ്യമുള്ളതാണ്. ഇനിയും വാടകയ്ക്ക് എടുക്കണം. പുതിയ ആഗോള ടെൻഡറിലേക്ക് പോകാൻ തീരുമാനിച്ചിട്ടുണ്ട്. സ്വർണക്കടത്ത് ഉൾപ്പെടെയുള്ള സംഘടിത കുറ്റ കൃത്യങ്ങൾ തടയാൻ മഹാരാഷ്ട്ര മാതൃകയിൽ സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം വേണം. ഇതിനായുള്ള ശുപാർശ സർക്കാരിന് സമർപ്പിച്ചിരുന്നു”.ബെഹ്‌റ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സർക്കാരിനുമിടയിൽ ഒരു പാലമായി പ്രവർത്തിച്ചിരുന്നുവെന്നത് ഒരു കഥ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ”പിണറായി വിജയൻ നൂറു ശതമാനവും പ്രൊഫഷണലാണ്. അഞ്ചു വർഷത്തെ തന്റെ പ്രവർത്തനം സ്വയം വിലയിരുത്തുന്നില്ല. സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ് വിരമിക്കുന്നത്”.അദ്ദേഹം കൂട്ടിച്ചേർത്തു
Discussion about this post