കോട്ടയം: മാണി സി കാപ്പന്റെഎന്‍സികെ പാർട്ടി പിറന്ന് ഒരു വര്‍ഷം തികയും പിളര്‍പ്പിന് ഇരയായി. പാലാ സീറ്റിന്റെ പേരില്‍ എല്‍ഡിഎഫില്‍ നിന്നും അകന്ന് പുതിയ പാര്‍ട്ടിയുണ്ടാക്കി യുഡിഎഫില്‍ ചേര്‍ന്ന എന്‍സികെയില്‍ നിന്നും സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റും വൈസ് പ്രസിഡന്റും മാണി സി കാപ്പന്റെ പുതിയ രാഷ്ട്രീയ നിലപാടില്‍ വിയോജിപ്പ് അറിയിച്ച് രാജിവെച്ചു
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടിയായിരുന്നു മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി ഉണ്ടായത്. മാണി സി കാപ്പനായിരുന്നു പ്രസിഡന്റ്. ബാബു കാർത്തികേയൻ വര്‍ക്കിങ് പ്രസിഡന്റും , സുള്‍ഫിക്കര്‍ മയൂരിയും പി ഗോപിനാഥും പ്രഥമ വൈസ് പ്രസിഡന്റുമാരും ആയിരുന്നു . സിബി തോമസ് ആയിരുന്നു പാര്‍ട്ടി രൂപീകരണ സമയത്തെ ട്രഷറര്‍. എന്‍സികെ പാര്‍ട്ടി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ ഉള്‍പെടെ മൂന്നു സീറ്റ് യുഡിഎഫിനോട് ആവശ്യപ്പെട്ടതെങ്കിലും ഏലത്തൂരും പാലയുമാണ് കിട്ടിയത്. ഇതില്‍ പാലായില്‍ മാത്രമാണ് ജയിച്ചത്.
നേരത്തേ ഇടതുപക്ഷത്ത് ആയിരുന്ന മാണി സി കാപ്പന്‍ 2019 ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പാലായില്‍ വിജയം നേടിയിരുന്നു. എന്നാല്‍ തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍ പാലാ സ്ഥാനാര്‍ത്ഥിയായി സീറ്റ് ലഭിക്കാതെ വന്നതിനെ തുടര്‍ന്നുള്ള തര്‍ക്കം മാണി സി കാപ്പനെ എല്‍ഡിഎഫ് വിടാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഇതോടെയാണ് പുതിയ പാര്‍ട്ടിരൂപീകരിച്ച് മാണി സി കാപ്പന്‍ യുഡിഎഫില്‍ എത്തിയത്.
മാണി സി.കാപ്പന്‍ പ്രസിഡന്റും ബാബു കാര്‍ത്തികേയന്‍ വൈസ് പ്രസിഡന്റുമായാണ് നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍.സി.കെ) രൂപീകരിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുംബൈയിലെത്തി മുതിര്‍ന്ന എന്‍.സി.പി. നേതാക്കളെ കാപ്പന്‍ സന്ദര്‍ശിച്ചിക്കുകയും ചെയ്തിരുന്നു. യുഡിഎഫിന്റെ ഭാഗമായതിന് പിന്നാലെ മാണി സി കാപ്പനെ എന്‍സിപി സംസ്ഥാന ഘടകം പുറത്താക്കുകയും ചെയ്തിരുന്നു. നേരത്തേ കോണ്‍ഗ്രസിന്റെ ഭാഗമായി യുഡിഎഫില്‍ എത്താനായിരുന്നു കോണ്‍ഗ്രസ് കാപ്പനോട് പറഞ്ഞതെങ്കിലും ഘടകകക്ഷിയായേ വരാനാകൂ എന്നാണ് അറിയിച്ചത്.
Discussion about this post