പത്തനംതിട്ട: പൊതുമേഖലാ സ്ഥാപനമായ തിരുവല്ല പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിലെ സ്പിരിറ്റ് വെട്ടിപ്പില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസിൽ മദ്യനിർമ്മാണത്തിന് എത്തിച്ച സ്പിരിറ്റിൽ 20,000 ലിറ്റർ മറിച്ചു വിറ്റെന്നായിരുന്നു എക്സൈസിന്‍റെ കണ്ടെത്തല്‍. ഫാക്ടറി ജീവനക്കാരൻ അരുൺകുമാർ, ടാങ്കര്‍ ഡ്രൈവര്‍മാരായ സിജോ, നന്ദകുമാർ എന്നിവർക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തു. എക്സൈസ് കേസ് പൊലീസിന് കൈമാറി.
മധ്യപ്രദേശിൽ നിന്ന് ഇവിടേയ്ക്ക് എത്തിച്ച 4000 ലിറ്റർ സ്പിരിറ്റ് കാണാതായെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്. ഇവിടേക്ക് ലോഡുമായി എത്തിയ മൂന്ന് ടാങ്കറുകളിൽ നിന്നായി 10 ലക്ഷം രൂപയും കണ്ടെത്തിയതോടെ ഡ്രൈവർമാരെ കസ്റ്റഡിയിലെടുത്ത് എക്സൈസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ജീവനക്കാരൻ അരുണിന് കൈമാറാനാണ് പണം എത്തിച്ചതെന്നായിരുന്നു ടാങ്കർ ഡ്രൈവർമാരുടെ മൊഴി. അരുണിനെയും ഡ്രൈവർമാരെയും പിന്നീട് ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്തപ്പോഴാണ് സ്പിരിറ്റ് മറിച്ചു വിറ്റതാണെന്ന് വ്യക്തമായത്. മധ്യപ്രദേശിൽ നിന്നും ടാങ്കറിൽ എത്തുന്ന സ്പിരിറ്റാണ് അരുണും ഡ്രൈവർമാരും ചേർന്ന് ലിറ്ററിന് അൻപത് രൂപയ്ക്ക് മധ്യപ്രദേശിലെ കമ്പനിക്ക് തന്നെ മറിച്ചു വിറ്റത്
Discussion about this post