തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുൻപ് സർക്കാർ നൽകിയ വാക്ക് പാഴായെന്ന പരാതിയുമായി പി എസ് സി ഉദ്യോഗാർത്ഥികൾ. സര്‍ക്കാരിന്റെ ഉറപ്പ് വിശ്വസിച്ച് സെക്രട്ടേറിയറ്റിന് മുന്നിലെ സമരം അവസാനിപ്പിച്ച ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികളാണ് പെരുവഴിയിലായിരിക്കുന്നത്. റാങ്ക് പട്ടിക റദ്ദാക്കാന്‍ ഒരു മാസം മാത്രം അവശേഷിക്കുമ്പോളും നിയമന വരൾച്ച തുടരുകയാണ്.
പട്ടികയില്‍ ഇടംപിടിച്ച നാല്‍പ്പതിനായിരത്തോളം ഉദ്യോഗാര്‍ഥികള്‍ ഇപ്പോഴും പ്രതിസന്ധിയിലാണ്. മുട്ടിലിഴഞ്ഞും യാചിച്ചും 36 ദിവസം രാപ്പകല്‍ സമരം കിടന്ന ഉദ്യോഗാർത്ഥികൾ ഇപ്പോഴും തൊഴിൽ രഹിതരായി തുടരുകയാണ്.
സമരം അവസാനിപ്പിച്ച ശേഷം നടത്തിയത് വെറും ആയിരത്തിൽ താഴെ നിയമനങ്ങൾ മാത്രമാണ്. 46285 പേരുടെ പട്ടികയില്‍ നിന്ന് അഡ്വൈസ് മെമ്മോ ലഭിച്ചത് 6613 പേര്‍ക്ക് മാത്രം. ബാക്കിയുള്ള 40000ത്തോളം പേര്‍ക്ക് നിയമനം നല്‍കാനായി ഒഴിവുകള്‍ വേഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നും മന്ത്രി എഴുതി ഒപ്പിട്ട് കൊടുത്തിരുന്നു. നൈറ്റ് വാച്ച്മാന്‍മാരുടെ ജോലി സമയം ഏകീകരിച്ചും ഹയര്‍ സെക്കൻഡറിയിൽ അനധ്യാപക നിയമനം നടത്തിയും ഒഴിവ് സൃഷ്ടിക്കുമെന്ന വാഗ്ദാനവും പാഴായി. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് നിലവിൽ ഉദ്യോഗാർത്ഥികൾ.











