ഡൽഹി: 86ആം പിറന്നാൾ ആഘോഷിക്കുന്ന ടിബറ്റൻ ആത്മീയാചാര്യൻ ദലൈ ലാമക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലിഫോണിൽ വിളിച്ചാണ് പ്രധാനമന്ത്രി ദലൈ ലാമക്ക് ആശംസകൾ അറിയിച്ചത്.
‘86ആം പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിക്കാൻ ദലൈ ലാമയുമായി ടെലിഫോണിൽ സംസാരിച്ചു. അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും ആശംസിക്കുന്നു‘. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
പിറന്നാളിനോടനുബന്ധിച്ച് നൽകിയ വീഡിയോ സന്ദേശത്തിൽ ദലൈ ലാമ ഇന്ത്യയെ പ്രകീർത്തിച്ചു. അഭയാർത്ഥിയായി ഇവിടെ വന്നത് മുതൽ ഇന്ത്യ നൽകുന്ന സ്വാതന്ത്ര്യവും ഇവിടുത്തെ മതസൗഹാർദവും തനിക്ക് ഏറെ പ്രിയങ്കരമാണ് ലാമ പറഞ്ഞു. സത്യം, കരുണ, അഹിംസ എന്നിവയാണ് ഇന്ത്യയുടെ മൂല്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ടിബറ്റൻ ജനതയുടെ ആത്മീയാചാര്യനാണ് ദലൈ ലാമ. 1950ൽ ചൈന ടിബറ്റ് പിടിച്ചടക്കിയതോടെ 1959ൽ ടിബറ്റ് വിട്ട് ധർമശാലയിലെത്തിയ ദലൈ ലാമ ഇന്ത്യയിലെ തന്റെ ജീവിതം തുടരുകയാണ്.
Discussion about this post