കോഴിക്കോട്: തീവ്ര ഇടതുപക്ഷ നിലപാടിൽ പ്രതിഷേധിച്ച് മുതിർന്ന മാദ്ധ്യമ പ്രവർത്തകർ കൂട്ടത്തോടെ മാതൃഭൂമി വിടുന്നതായി സൂചന. മാതൃഭൂമി ദിനപത്രത്തിന്റെ എഡിറ്റർ സ്ഥാനത്ത് നിന്നുമുള്ള മനോജ് കെ ദാസിന്റെ രാജിയാണ് ഏറ്റവും ഒടുവിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ബ്യൂറോ ചീഫുമാരുടെ യോഗത്തിലാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്.
2019 നവംബറിലായിരുന്നു മനോജ് കെ ദാസ് മാതൃഭൂമി പത്രാധിപരായി ചുമതലയേറ്റത്. ടൈംസ് ഓഫ് ഇന്ത്യ, ഡെക്കാൺ ക്രോണിക്കിൾ എന്നിവയുടെ സ്ഥാപക റെസിഡന്റ് എഡിറ്ററായിരുന്നു കോട്ടയം കങ്ങഴ സ്വദേശിയായ മനോജ് കെ ദാസ്.
മനോജ് കെ ദാസിന് പിന്നാലെ മുതിർന്ന മറ്റ് ചില മാദ്ധ്യമ പ്രവർത്തകരും പത്രം വിടാൻ ഒരുങ്ങുന്നതായാണ് സൂചന. പിണറായി സർക്കാരിന് പൂർണ പിന്തുണ നൽകി പ്രവർത്തിക്കാനുള്ള വിമുഖതയാണ് പല മുതിർന്ന മാധ്യമ പ്രവർത്തകരുടെയും പുനർവിചിന്തനത്തിന് കാരണം എന്ന് മാതൃഭൂമിയിലെ ചില ജീവനക്കാർ വെളിപ്പെടുത്തിയിരുന്നു.
പത്രത്തിന്റെ അതേവഴിയിൽ തന്നെ തീവ്ര ഇടത് നിലപാട് സ്വീകരിക്കാൻ ചാനലിനും നിർദ്ദേശം ലഭിച്ചിരുന്നതായാണ് സൂചന. ഇതിനെ തുടർന്നാണ് മാതൃഭൂമി ന്യൂസിന്റെ എഡിറ്റോറിയൽ മേധാവി കഴിഞ്ഞ മാസം ചാനലിൽ നിന്ന് രാജി വെച്ചത് എന്നാണ് അഭ്യൂഹം. മുതിർന്ന മാധ്യമ പ്രവർത്തകൻ ഉണ്ണി ബാലകൃഷ്ണന്റെ രാജിക്ക് പുറമെ അദ്ദേഹത്തിന്റെ സഹോദരൻ വേണു ബാലകൃഷ്ണന്റെ പ്രൈം ടൈം ചർച്ചകളിലെ അസാന്നിദ്ധ്യവും പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയാണ്.
Discussion about this post