തിരുവനന്തപുരം : സംസ്ഥാനത്ത് ജനപ്രിയ മദ്യബ്രാന്‍ഡുകള്‍ക്കും ഇടത്തരം വിലയ്ക്കുള്ള റമ്മുകള്‍ക്കും വില്പനശാലകളില്‍ കടുത്ത ക്ഷാമമെന്ന് റിപ്പോർട്ട്. ഇഷ്ട ബ്രാന്‍ഡുകള്‍ തേടിയെത്തുന്നവര്‍ക്ക് കേട്ടുപരിചിതമല്ലാത്ത ബ്രാന്‍ഡുകള്‍ വാങ്ങി തൃപ്തിപ്പെടേണ്ട സ്ഥിതിയാണെന്നും, എം എച്ച്, ഫ്രഞ്ച് ബ്രാണ്ടി, ബ്ളാക്ക് ആന്‍ഡ് ഗോള്‍ഡ്, സീസര്‍, എം സി പ്രീമിയം, നെപ്പോളിയന്‍, ഓള്‍ഡ് പേള്‍, ഒ സി തുടങ്ങിയവയൊന്നും പല ഷോപ്പുകളിലും കിട്ടാനില്ലെന്നും പരാതി.
ലോക്ഡൗണ്‍ മൂലം ബാറുകളും ചില്ലറവില്പനശാലകളും അടച്ചതോടെ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യക്കമ്പനികൾക്ക് നല്‍കുന്ന ഓര്‍ഡര്‍ ഇടയ്ക്ക് നിറുത്തിവച്ചതാണ് ക്ഷാമത്തിന് പ്രധാന കാരണമായി ചൂണ്ടികാട്ടുന്നത്. പ്രീമിയം ബ്രാന്‍ഡ് മദ്യങ്ങളൊന്നും ഇപ്പോള്‍ കേരളത്തില്‍ ബോട്ടില്‍ ചെയ്യുന്നില്ല. വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് മിക്ക ബ്രാന്‍ഡുകളും കേരളത്തില്‍ എത്തുന്നത്. വിലകുറഞ്ഞ ജനപ്രിയ ബ്രാന്‍ഡുകള്‍ തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് കൂടുതലായി ബ്ളെന്‍ഡിംഗും ബോട്ടിലിംഗും നടത്തുന്നത്.
കോവിഡ് കാരണം മദ്യക്കമ്പനികൾ ഉത്പാദനം വെട്ടിക്കുറച്ചതും മറ്റൊരു കാരണമായി. ഓരോ വില്പനശാലയിലെയും ബ്രാന്‍ഡുകളുടെ ചെലവ് അടിസ്ഥാനമാക്കിയാണ് ബെവ്കോ കമ്പനികള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നത്. ഓര്‍ഡര്‍ കിട്ടിയാലും മദ്യം സ്റ്റോക്കില്ലാത്തതിനാല്‍ എത്തിക്കാനാവുന്നില്ല.
ബെവ്കോയുടെ സംസ്ഥാനത്തെ 23 വെയര്‍ഹൗസ് ഗോഡൗണുകളില്‍ സ്റ്റോക്ക് ചെയ്താണ് ബാറുകള്‍ക്കും ചില്ലറവില്പന ശാലകള്‍ക്കും മദ്യം വിതരണം ചെയ്യുന്നത്. വെയര്‍ഹൗസുകളില്‍ കയറ്റിറക്ക് കൂലി സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ തൊഴിലാളികള്‍ ലോഡ് ഇറക്കുന്നതിലും കയറ്റുന്നതിലും പല സ്ഥലത്തും മെല്ലെപ്പോക്കിലാണ്. ഓരോ സ്ഥലത്തും പ്രദേശത്തിന്റെ പ്രത്യേകതയ്ക്ക് അനുസരണമായ കൂലിയാണ് നിലവിലുള്ളത്. ബാലരാമപുരം വെയര്‍ഹൗസില്‍ ഒരു കെയ്സിന് ലോഡിറക്കാന്‍ 3.50 രൂപയും കയറ്റാന്‍ 2.88 രൂപയുമാണ് കൂലി. കൂലികൂട്ടുന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്.












