ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരതയ്ക്കെതിരെ ശക്തമായ നടപടികൾ തുടരുന്നു. ഭീകരവാദികളുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ ഭരണസമിതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 11 ജീവനക്കാരെ സർവീസിൽ നിന്നും നീക്കം ചെയ്തു.
ഹിസ്ബുൾ നേതാവ് സയീദ് സലാഹുദ്ദീന്റെ മക്കൾ ഉൾപ്പെടെയുള്ളവരെയാണ് പിരിച്ചു വിടാൻ തീരുമാനിച്ചിരിക്കുന്നത്. പൊലീസ്, വിദ്യാഭ്യാസ വകുപ്പ്, സാംസ്കാരിക വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചു വിട്ടിരിക്കുന്നത്.
ഭീകര പ്രവർത്തനങ്ങൾക്കായി ധനസമാഹരണം നടത്തിയതടക്കമുള്ള കുറ്റങ്ങൾ പിരിച്ചു വിടപ്പെട്ടവർ ചെയ്തതായി എൻ ഐ എ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി. ആർട്ടിക്കിൾ 11 പ്രകാരമാണ് ഇവരെ പിരിച്ചു വിട്ടിരിക്കുന്നത്. കാരണം കാണിക്കൽ നോട്ടീസ് നൽകാതെ തന്നെ ഈ വകുപ്പ് പ്രയോഗിച്ച് ജീവനക്കാരെ പിരിച്ചു വിടാവുന്നതാണ്.
പിരിച്ചു വിടപ്പെട്ടവരിൽ പലരും ഭീകര സംഘടനയായ ലഷ്ജർ ഇ ത്വയിബയുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. ഇവർ ഭരണ രഹസ്യങ്ങൾ ചോർത്താൻ ശ്രമിച്ചതായും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായും ജമ്മു കശ്മീർ ഭരണ സമിതി വ്യക്തമാക്കി.
Discussion about this post