തിരുവനന്തപുരം: സംഗീത സംവിധായകൻ മുരളി സിത്താരയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 65 വയസ്സായിരുന്നു. വട്ടിയൂർക്കാവിലെ തോപ്പുമുക്കിലെ വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ മുരളി സിത്താര മുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു. വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് മൂന്നുമണിയോടെ മകൻ എത്തി വാതിൽ ചവിട്ടി തുറന്നപ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലാണ്. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.
1987ൽ സിനിമയിൽ എത്തിയ മുരളി സിത്താര 90കളിൽ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകി. ‘ഒരുകോടി സ്വപ്നങ്ങളാൽ‘ എന്ന ഹിറ്റ് ഗാനത്തിലൂടെയായിരുന്നു അരങ്ങേറ്റം. ദീർഘകാലം ആകാശവാണിയിലെ സീനിയർ മ്യൂസിക് കമ്പോസറായിരുന്നു. പ്രശസ്തമായ ആയിരത്തിലധികം ഗാനങ്ങൾക്ക് അദ്ദേഹം ഈണം പകർന്നിട്ടുണ്ട്.
ഗാനഗന്ധർവൻ യേശുദാസുമായി അടുത്ത വ്യക്തിബന്ധം പുലർത്തിയിരുന്ന മുരളി സിത്താര ദീർഘനാൾ തരംഗിണി സ്റ്റുഡിയോയിൽ വയലിനിസ്റ്റായിരുന്നു. ഗാനമേളകളിലും സജീവമായിരുന്നു. മൃദംഗ വിദ്വാൻ ചെങ്ങന്നൂർ വേലപ്പനാശാന്റെ മകനാണ്. ശോഭനകുമാരിയാണ് ഭാര്യ. കീബോർഡ് പ്രോഗ്രാമറായ മിഥുൻ മുരളി, വിപിൻ എന്നിവരാണ് മക്കൾ.
Discussion about this post